ഇറാഖിനും അമേരിക്കയുടെ മുന്നറിയിപ്പ്
ഇറാന് കൂടുതല്‍ ഡോളറെത്തുന്ന എല്ലാ മാര്‍ഗങ്ങളും അമേരിക്ക നിരീക്ഷിച്ചുവരികയാണെന്നും ഉപരോധം ലംഘിക്കുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും എംബസി വ്യക്തമാക്കി.
ഇറാനെതിരായ ഉപരോധത്തില്‍ ഇറാഖിനും മുന്നറിയിപ്പുമായി അമേരിക്ക. ഉപരോധത്തില്‍ അലംഭാവം അനുവദിക്കാനാവില്ലെന്ന് ഇറാഖിലെ അമേരിക്കന്‍ എംബസിയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതോടെ കടുത്ത ആശങ്കയിലാണ് ഇറാഖിലെ വ്യാപാരികളടക്കമുള്ള സാധാരണക്കാര്‍.
കഴിഞ്ഞദിവസമാണ് ഇറാഖിലെ അമേരിക്കന്‍ എംബസി കൂടുതല്‍ കര്‍ക്കശ നിര്‍ദേശങ്ങളുമായി രംഗത്തുവന്നത്. 45 ദിവസത്തെ സമയപരിധി അവസാനിച്ചാല്‍ ഇറാനുമായുള്ള എല്ലാ വ്യാപാരബന്ധവും അവസാനിപ്പിച്ചിരിക്കണമെന്നാണ് താക്കീത്. ഇറാന് കൂടുതല്‍ ഡോളറെത്തുന്ന എല്ലാ മാര്‍ഗങ്ങളും അമേരിക്ക നിരീക്ഷിച്ചുവരികയാണെന്നും ഉപരോധം ലംഘിക്കുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും എംബസി വ്യക്തമാക്കി. ഇതോടെ ദൈനംദിന ജീവിതത്തില്‍ ഇറാനെ ആശ്രയിക്കുന്ന ഇറാഖിലെ വ്യാപാരികളടക്കമുള്ള സാധാരണക്കാര്‍ കടുത്ത ആശങ്കയിലാണ്.
വര്‍ഷംതോറും 12 ബില്യണ്‍ യു.എസ് ഡോളറിന്റെ വ്യാപാരമാണ് ഇറാനും ഇറാഖും തമ്മില്‍ നടക്കുന്നത്. ഇലക്ട്രോണിക് ഉല്‍പന്നങ്ങളും ഭക്ഷ്യ വിഭവങ്ങളുമടക്കം അവശ്യ വസ്തുക്കളധികവും ഇറാനില്‍ നിന്നാണ്. ഉയര്‍ന്ന ഗുണനിലവാരവും താരതമ്യേന കുറഞ്ഞ വിലയും മൂലം ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരങ്ങളാണ് ഇറാനിയന്‍ ഉല്‍പന്നങ്ങള്‍. ഉപഭോക്താക്കള്‍ക്കിടയില്‍ ഇറാനിയന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള സ്വീകാര്യത മറ്റു വസ്തുക്കള്‍ക്കില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഉപരോധം യാഥാര്‍ഥ്യമാകുന്നതോടെ വ്യാപാരികള്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.