അമേരിക്കയില്‍ അതിശക്തമായ ഭൂകമ്പം; റോഡുകള്‍ പിളര്‍ന്നു
അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിലായിരുന്നു ഏറ്റവും തീവ്രത അനുഭവപ്പെട്ടത്. ആങ്കറേജിൽ നിന്നു 12 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.


അമേരിക്കയിലെ അലാസ്കയെ പിടിച്ചുകുലുക്കി അതിശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് അലാസ്കയുടെ തീരമേഖലയിൽ സുനാമി മുന്നറിയിപ്പും നൽകി. ഭൂകമ്പത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. അലാസ്കയില്‍ നാലിടത്താണ് തുടർ ചലനങ്ങളുണ്ടായത്. അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിലായിരുന്നു ഏറ്റവും തീവ്രത അനുഭവപ്പെട്ടത്. ആങ്കറേജിൽ നിന്നു 12 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ആളപായമുണ്ടായി റിപ്പോര്‍ട്ടുകളില്ലെങ്കിലും വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

ഭൂകമ്പത്തിനു പിന്നാലെ കീനായ് പെനിൻസുലയിലെ തീരമേഖലയില്‍ സുനാമി മുന്നറിയിപ്പു നൽകി. യു.എസിലെയും വടക്കേ അമേരിക്കയിലെയും മറ്റു തീരമേഖലയിൽ സുനാമി സംബന്ധിച്ച മുന്നറിയിപ്പു നൽകണമോയെന്ന കാര്യം പരിശോധിച്ചു വരികയാണ്. നിലവിൽ ഹവായ് ദ്വീപുകളിലും പസഫിക് മേഖലയിലും സുനാമി ഭീഷണിയില്ലെന്നും യു.എസിലെ സുനാമി മുന്നറിയിപ്പു സംവിധാനവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന ബുള്ളറ്റിൻ വ്യക്തമാക്കി.
ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍