ഇവാന്‍ക ട്രംപ് എത്തുന്നതിന് തൊട്ടുമുമ്പ് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

മെക്സിക്കന്‍ പ്രസിഡന്‍റായി ലോപസ് ഒബ്രഡോര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു യു.എസ് സംഘം.

Update: 2018-12-02 03:23 GMT
Advertising

മെക്സിക്കോയിലെ ഗോഡാലജാറയില്‍ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും യു.എസ് പ്രസിഡന്‍റിന്‍റെ മകള്‍ ഇവാന്‍ക ട്രംപും കോണ്‍സുലേറ്റ് സന്ദര്‍ശിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കോണ്‍സുലേറ്റിന്‍റെ മതില്‍ ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

അന്വേഷണം ആരംഭിച്ചതായും ഫെഡറല്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു. മെക്സിക്കന്‍ പ്രസിഡന്‍റായി ലോപസ് ഒബ്രഡോര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു യു.എസ് സംഘം. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും ഇവാന്‍ക ട്രംപും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം കോണ്‍സുലേറ്റിലേക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് ആക്രമണമുണ്ടായത്. കോണ്‍സുലേറ്റ് കെട്ടിടത്തിന് നേര്‍ക്ക് അജ്ഞാതനായ ഒരാള്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം ഓടിമറയുകയാണുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. കോണ്‍സുലേറ്റിലെ സുരക്ഷാ കാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മെക്സിക്കോയിലെ കുപ്രസിദ്ധനായ ഒരു മയക്കുമരുന്നു മാഫിയ തലവന്‍, യു.എസ് കോണ്‍സുലേറ്റ് ആക്രമിക്കുമെന്ന് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു.

Tags:    

Similar News