ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇറാന്‍
ആണവ കരാറിന്റെ ലംഘനമാണ് ഇറാന്‍ നടത്തിയിരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി.
ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇറാന്‍. രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇറാന്‍ സൈനിക വക്താവ് വ്യക്തമാക്കി. ഇറാന്‍ നടപടിയെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. ആണവ കരാറിന്റെ ലംഘനമാണ് ഇറാന്‍ നടത്തിയിരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ആണവ കരാര്‍ ലംഘിച്ച് ഇറാന്‍ ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന് അമേരിക്ക ആരോപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് മിസൈല്‍ പരീക്ഷണമെന്ന് ഇറാന്‍ സൈനിക വക്താവ് ജനറല്‍ അബല്‍ഫെയ്സ് ഷികസി വ്യക്തമാക്കി. എന്നാല്‍ പുതുതായി മിസൈല്‍ പരീക്ഷിച്ചെന്നോ ഇല്ലെന്നോ ഷികസി സ്ഥിരീകരിച്ചില്ല.
ഇറാന്‍ മധ്യദൂര മിസൈല്‍ പരീക്ഷിച്ചെന്നും ഇത് അന്താരാഷ്ട്ര ആണവ കരാറിന് വിരുദ്ധമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു. യൂറോപ്പിലും പശ്ചിമേഷ്യയിലെവിടെയും ചെന്നെത്താന്‍ ശേഷിയുള്ള മിസൈലാണ് ഇറാന്‍ പരീക്ഷിച്ചതെന്ന് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവംബറില്‍ എണ്ണമേഖലയിലും സാമ്പത്തിക മേഖലയിലും അമേരിക്ക ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഉപരോധത്തിന് മിസൈല്‍ പരീക്ഷണത്തിലൂടെ അമേരിക്കക്ക് മറുപടി നല്‍കുകയാണ് ഇറാന്‍. ആഗസ്റ്റിലാണ് അമേരിക്ക ഇറാന്‍ ആണവ കരാറില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ കരാറില്‍ അംഗങ്ങളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ എന്നിവര്‍ അമേരിക്കന്‍ നിര്‍ദേശം അംഗീകരിച്ചിരുന്നില്ല.