മെക്സിക്കന്‍ പ്രസിഡന്റായി ആന്ദ്രേ ലോപ്പസ് ഒബ്രദോര്‍ അധികാരമേറ്റു
അനുയായികള്‍ ആംലോ എന്ന് വിളിക്കുന്ന ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ മൂന്നാം തവണയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
മെക്സിക്കന്‍ പ്രസിഡന്റായി ആന്ദ്രേ ലോപ്പസ് ഒബ്രദോര്‍ അധികാരമേറ്റു. ഏഴ് പതിറ്റാണ്ടിനിടയില്‍ മെക്സിക്കോയുടെ അധികാരമേല്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസിഡന്റാണ് ലോപ്പസ് ഒബ്രഡോര്‍. അഴിമതി ഇല്ലാതാക്കും എന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും എന്നും പ്രഖ്യാപിച്ചാണ് മെക്സിക്കോ നഗരത്തിന്റെ മുന്‍ മേയര്‍ കൂടിയായ ആന്ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ അധികാരത്തിലേറിയത്.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യ പ്രതിനിധികളും എത്തിയിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഇവാങ്ക ട്രംപ്, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ, ലോപ്പസിന്റെ അടുത്ത സുഹൃത്ത് കൂടിയായ ബ്രിട്ടണ്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഈ വര്‍ഷം ജൂലൈയിലായിരുന്നു മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അനുയായികള്‍ ആംലോ എന്ന് വിളിക്കുന്ന ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ മൂന്നാം തവണയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
56 ശതമാനം പിന്തുണയോടെയാണ് ഒബ്രഡോര്‍ പ്രസിഡന്റ് പദത്തിലേറുന്നത്. നിലവില്‍ പ്രസിഡന്റായിരുന്ന എന്റിക്വോ പെന നീറ്റോക്ക് 24 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. പെന്റിക്വോയുടെ ഭരണകാലത്ത് മെക്സിക്കോയില്‍ അഴിമതിയും, കൊലപാതകങ്ങളും മെക്സിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു, പുതിയ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോര്‍ പ്രഥമ പരിഗണന നല്‍കുക പുതിയ വിദേശ നയം രൂപീകരിക്കുന്നതിനായിരിക്കും.
നിലവില്‍ നിരവധി അഭയാര്‍ത്ഥികളാണ് മെക്സിക്കോയില്‍ തങ്ങുന്നത്. അമേരിക്ക ലക്ഷ്യമാക്കി വരുന്നവരാണ് ഇവരെല്ലാവരും. ഇവരുടെ കാര്യത്തില്‍ സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതിനായിരിക്കും സ്വഭാവികമായും ലോപ്പസ് ഒബ്രഡോര്‍ ശ്രദ്ധിക്കുക. മെക്സിക്കന്‍ ജനതയുടെ ഭാഗമായിരിക്കും താനെന്ന് പ്രഖ്യാപിച്ചാണ് ലോപ്പസ് തന്റെ കോണ്‍ഗ്രസിലെ ആദ്യ പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ എം പിമാര്‍ മദൂറോക്കെതിരെ പ്രതിഷേധിച്ചു. പ്രസംഗിക്കാനായി മദൂറോയുടെ പേര് വഷിച്ചത് മുതല്‍ സേച്ഛാധിപതി എന്ന് വിളിച്ച് പ്രതിപക്ഷ എം.പിമാര്‍ രംഗത്ത് വരികയായിരുന്നു. മദൂറോക്ക് സ്വാഗതമില്ല എന്ന ബാനറും എം.പിമാര്‍ ഉയര്‍ത്തി.