ഇന്ധനവില വര്‍ധന: ഫ്രാന്‍സില്‍ പ്രതിഷേധം കത്തിപ്പടരുന്നു; 80കാരി കൊല്ലപ്പെട്ടു
50 വര്‍ഷത്തിനിടക്ക് ഫ്രാന്‍സിലുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇന്ധനവിലവര്‍ധനക്കെതിരെ രാജ്യത്ത് ഉയര്‍ന്ന് വന്നത്.
ഇന്ധന വിലവര്‍ധനവിനെത്തുടര്‍ന്ന് പ്രക്ഷോഭം തുരടരുന്ന ഫ്രാന്‍സില്‍ അടിയന്തര നടപടികളുമായി സര്‍ക്കാര്‍. പ്രതിസന്ധി തീര്‍ക്കാനുള്ള വഴി തേടി ഫ്രഞ്ച് പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. പ്രതിഷേധങ്ങള്‍ക്കിടെ ഇന്നലെ 80കാരി കൊല്ലപ്പെട്ടു.
50 വര്‍ഷത്തിനിടക്ക് ഫ്രാന്‍സിലുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇന്ധനവിലവര്‍ധനക്കെതിരെ രാജ്യത്ത് ഉയര്‍ന്ന് വന്നത്. അക്രമാസക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 80 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഇതോടെ പ്രക്ഷാഭത്തില്‍ ഇത് വരെ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള ആലോചനകള്‍ പുരോഗമിക്കവെയാണ് ഫ്രഞ്ച് പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ നടപടികളെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചു.
ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഒന്നര ലക്ഷത്തോളം പേരാണ് രാജ്യത്താകെ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ഇതു വരെ 4.5 മില്ല്യണ്‍ ഡോളറിന്‍റെ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, പ്രക്ഷേഭകാരികള്‍ ചൊവ്വാഴ്ച്ച പ്രധാനമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും പിന്മാറി.