ഇറാനെതിരായ ഉപരോധത്തില്‍ യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി അമേരിക്ക
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഉപദേശകനും അമേരിക്കയുടെ ഇറാന്‍ കാര്യ വക്തമാവുമായ ബ്രയാന്‍ ഹുക്കാണ് ഇറാനെതിരെ കൂടുതല്‍ നടപടിക്ക് നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്.
ഇറാനെതിരായ ഉപരോധത്തില്‍ യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി അമേരിക്ക. ഉപരോധം ഫലപ്രദമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ കര്‍ക്കശ നടപടികള്‍ കൈക്കൊള്ളണമെന്നാണ് നിര്‍ദേശം.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഉപദേശകനും അമേരിക്കയുടെ ഇറാന്‍ കാര്യ വക്തമാവുമായ ബ്രയാന്‍ ഹുക്കാണ് ഇറാനെതിരെ കൂടുതല്‍ നടപടിക്ക് നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്. ഇറാന്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഇറാനെ ഒറ്റപ്പെടുത്തല്‍ സമാധാനമാഗ്രഹിക്കുന്ന എല്ലാവരുടേയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ നാറ്റോ വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളത്തിനെത്തിയതായിരുന്നു ബ്രയാന്‍ ഹുക്ക്. ഇറാന്റെ മിസൈല്‍ പദ്ധതി ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മിസൈല്‍ പദ്ധതിക്ക് പിന്തുണ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകണമെന്ന് പറഞ്ഞ ബ്രയാന്‍ ഹുക്ക്, ഇറാനെ മെരുക്കാന്‍ ഇത് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.