യമന്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നു; പ്രതീക്ഷയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ
യമനില്‍ രാഷ്ട്രീയ പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ സ്വീഡനില്‍ തുടരുന്നു. യുദ്ധം തുടങ്ങിയ ശേഷം സര്‍ക്കാറും ഹൂതികളും ഒന്നിച്ചിരിക്കുന്ന ചര്‍ച്ചയില്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും തുറക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച. തടവുകാരെയും ബന്ദികളേയും കൈമാറാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാരംഭിച്ച ചര്‍ച്ചയില്‍ ഹൂതികളും സര്‍ക്കാറും ബന്ദികളെ കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഹൂതി വിമതരും യമന്‍ സര്‍ക്കാറും ഒന്നിച്ചിരുക്കുന്നത്. യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്തിന്റെ നേതൃത്വത്തിലാണ് സ്വീഡനിലെ സ്റ്റോക്ഹോമില്‍ ചര്‍ച്ച. യുദ്ധം അവസാനിപ്പിക്കലും രാഷ്ട്രീയ പരിഹാരം കാണലുമാണ് ലക്ഷ്യം.
ഹുദൈദ തുറമുഖം, സന്‍ആ വിമാനത്താവളം തുടങ്ങി രാജ്യത്തെ പ്രധാന അന്താരാഷ്ട്ര ഗതാഗത വഴികള്‍ തുറക്കുന്നത് സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. ഒന്നുകില്‍ താല്‍ക്കാലികമായി യു.എന്നിന് വിട്ടു കൊടുക്കുക. അല്ലെങ്കില്‍ പ്രശ്ന പരിഹാരത്തിന് ഇരു കൂട്ടരും സന്നദ്ധമാകണം. ഈ രണ്ട് ഫോര്‍മുലകളിലും ധാരണയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യമന്‍ യുദ്ധം തുടങ്ങിയ ശേഷം കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ പേരാണ്. ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് പിന്നാലെയാണിപ്പോള്‍ ചര്‍ച്ച.