അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 19 വോട്ടുകള്‍ക്കാണ് മേ അവിശ്വാസത്തെ അതിജീവിച്ചത്.
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റ് കരാറിന്റെ പരാജയത്തിന് പിന്നാലെയായിരുന്നു അവിശ്വാസ പ്രമേയം. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 19 വോട്ടുകള്‍ക്കാണ് മേ അവിശ്വാസത്തെ അതിജീവിച്ചത്. വിജയത്തിന് പിന്നാലെ ബ്രെക്സിറ്റില്‍ എം.പിമാരെ മേ ചര്‍ച്ചക്ക് ക്ഷണിച്ചു.
ബ്രിട്ടന്റെ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായകമായ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. ബ്രെക്സിറ്റ് കരാറിലെ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തെരേസ മേയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. ഇന്നലെ വൈകീട്ട് 7 മണിക്കാണ് അവിശ്വാസത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ അവസാനിച്ച ചര്‍ച്ചക്കൊടുവില്‍ പ്രധാനമന്ത്രി തെരേസ മേ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. 19 വോട്ടുകള്‍ക്കാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ മേ തോല്‍പ്പിച്ചത്.
325 പേര്‍ മേയെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 306 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിജയത്തെത്തുടര്‍ന്ന് ബ്രെക്സിറ്റില്‍ എം.പിമാരെ മേ ചര്‍ച്ചക്ക് ക്ഷണിച്ചു. പുതിയ ബ്രെക്സിറ്റ് കരാറിന് സമയം ആവശ്യപ്പെടുകയും ചെയ്തു. ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ മേ വിജയിക്കും എന്ന് തന്നെയായിരുന്നു സൂചന. അവിശ്വാസത്തില്‍ അതിജീവിച്ചതോടെ അടുത്ത നീക്കങ്ങളിലേക്കാണ് മേ ഇനി നീങ്ങുന്നത്.
പുതുക്കിയ ബ്രെക്സിറ്റ് കരാര്‍ അടുത്ത തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് തേരെസ മേ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയാണ് മേയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.