ലോകശക്തികളുമായുള്ള ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറുന്നതായി ഇന്ന് പ്രഖ്യാപിക്കും
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ലോകശക്തികളുമായുള്ള ആണവകരാറില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്‍ ഇന്ന് പ്രഖ്യാപിക്കും. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാനെ സമ്മര്‍ദത്തിലാക്കാന്‍ അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചതിന് പിന്നാലെയാണ് ലോകശക്തികളുമായി ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാന്‍ തീരുമാനിച്ചത്.
പ്രസിഡന്റ് ഹസന്‍ റൂഹാനി ഇക്കാര്യം കാണിച്ച് ടെഹ്റാനിലെ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നീരാജ്യങ്ങളുടെ അംബാസഡര്‍മാര്‍ക്ക് കത്തയക്കും. ഇതിന് പുറമെ വിദേശ കാര്യമന്ത്രി ജവാദ് ഷെരീഫ് യൂറോപ്യന്‍ യൂണിയനുമായി ഇക്കാര്യം ആശയവിനിമയം നടത്തുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA പറഞ്ഞു. എന്നാല്‍ പിന്‍വാങ്ങലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2015 ലാണ് ലോകശക്തികളുമായി ഇറാന്‍ ആണവ കരാറില്‍ ഒപ്പിട്ടത് . ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്ക കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ട്രംപ് വിലക്കുകയും ചെയ്തു. അതിനിടെ യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെ ഇറാനെതിരായ നിലപാട് ട്രംപ് കടുപ്പിക്കുകയും മെഡിറ്ററേനിയന്‍ കടലിലേക്ക് സൈനിക വ്യൂഹത്തെ അയക്കുകയും ചെയ്തു.
ഒരു വിമാന വാഹിനിയും ബോംബര്‍ യുദ്ധ വിമാനങ്ങളും അടങ്ങുന്നതാണ് സൈനികവ്യൂഹം, ഇരു രാജ്യങ്ങളും പ്രകോപനപരമായ നിലപാടുകള്‍ തുടരുന്നതിനാല്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിട്ടുണ്ട്.