ഇനി ശ്രദ്ധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്: മൈക്രോസോഫ്റ്റില്‍ നിന്ന് രാജി പ്രഖ്യാപിച്ച് ബില്‍ഗേറ്റ്‌സ്
വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നി കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനാണ് ബില്‍ഗേറ്റ്‌സ് രാജി വെക്കുന്നതെന്ന് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങുകയാണെന്ന പ്രഖ്യാപനവുമായി സഹസ്ഥാപകനും ഡയറക്ടറുമായ ബില്‍ഗേറ്റ്സ്. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം തന്റെ തീരുമാനം പുറത്തുവിട്ടത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുകയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ടെക്‌നോളജി ഉപദേശക സ്ഥാനത്ത് തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നി കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനാണ് ബില്‍ഗേറ്റ്‌സ് രാജി വെക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പോള്‍ അലെനുമായി സഹകരിച്ച് 1975ലാണ് ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനാവുന്നത്. 2000 വരെ കമ്പനിയുടെ സി.ഇ.ഒയും ഇദ്ദേഹമായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാര്യ മെലിന്‍ഡയുമായി ചേര്‍ന്ന് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റില്‍ ദൈനംദിനമെത്തുന്നത് അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ദാരിദ്ര്യത്തിനെതിരെയും എയ്ഡ്സ്, പോളിയോ, മീസിൽസ് തുടങ്ങിയ രോഗങ്ങൾക്കെതിരെയും പോരാടുന്നതിനായി ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്കും കോടിക്കണക്കിന് രൂപയാണ് ബിൽ ഗേറ്റ്സ് സംഭാവന നൽകിയിരിക്കുന്നത്.