13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇറ്റലിയില്‍ വിലക്ക്

അമേരിക്കയിലും ബ്രസീലിലും കോവിഡ് വ്യാപനവും മരണ നിരക്കും വര്‍ധിക്കുകയാണ്.

Update: 2020-07-10 02:05 GMT
Advertising

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണം അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം കടന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്ക, ബഹ്റൈന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്നിയ, ചിലി, കുവൈത്ത്, നോര്‍ത്ത് മാസിഡോണിയ, മല്‍ഡോവ, ഒമാന്‍, പനാമ, പെറു, ഡോമിനികന്‍ റിപബ്ലിക് എന്നി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

ചൈനാ അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന അമേരിക്കയുടെ വിമര്‍ശനത്തിന് പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി പ്രത്യേക സമിതിക്ക് ഡബ്ല്യുഎച്ച്ഒ രൂപം നല്‍കി. മുന്‍ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കും മുന്‍ ലൈബീരിയന്‍ പ്രസിഡന്‍റ് ജോണ്‍സണ്‍ സര്‍ലീഫും സമിതിയുടെ തലവന്മാരാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ലോക്ക് ഡൌണ്‍ നിയന്ത്രണ ലംഘനങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഗ്രീക്കില്‍ അടുത്തയാഴ്ച്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബോലീവിയന്‍ പ്രസിഡന്‍റ് ജീനയിന്‍ അനസിന് കോവിഡ് സ്ഥിരീകരിച്ചു.

അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനവും മരണ നിരക്കും വര്‍ധിക്കുകയാണ്. 32 ലക്ഷം പിന്നിട്ടിരിക്കുകയാണ് അമേരിക്കയില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം. മരണ സംഖ്യ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പിന്നിട്ടു. പതിനേഴ് ലക്ഷത്തി അമ്പത്തി അയ്യായിരം കടന്നു ബ്രസീലില്‍ രോഗബാധിതര്‍. അറുപത്തി ഒന്‍പതിനായിരത്തില്‍ അധികമാണ് ബ്രസീലിലെ മരണസംഖ്യ.

Tags:    

Similar News