വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് കോവിഡ്

രണ്ട് ദിവസം മുമ്പാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ഇംറാന്‍ ഖാന്‍ സ്വീകരിച്ചിരുന്നത്.

Update: 2021-03-20 13:09 GMT
Advertising

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിലെ അംഗം ഫൈസല്‍ സുല്‍ത്താനാണ് കോവിഡ് ബാധിച്ച കാര്യം വ്യക്തമാക്കിയത്. രോഗബാധ സ്ഥിരീകരിച്ച ഇംറാന്‍ ഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ഇംറാന്‍ ഖാന്‍ സ്വീകരിച്ചിരുന്നത്.

ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെയും സ്ഥിരം യോഗങ്ങളിലും മറ്റും ഇംറാന്‍ ഖാന്‍ പങ്കെടുത്തിരുന്നു. ഇസ്‌ലാമാബാദില്‍ നടന്ന സുരക്ഷായോഗത്തിലും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതി മാസ്‌ക് പോലും ധരിക്കാതെ അദ്ദേഹം ഉദ്ഘാടനം ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്.

അതേസമയം പാകിസ്താനില്‍ കോവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുകയാണ്. ആകെ കോവിഡ് രോഗികളുടെ എണ്ണം 6.15 ലക്ഷം കടന്നു. 13,700 പേരാണ് രോഗബാധമൂലം മരിച്ചത്. പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രി കിടക്കകള്‍ അധിവേഗം നിറയുന്നുണ്ടെന്നും കോവിഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പാക് മന്ത്രി ആസാദ് ഉമര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News