പാർലമെന്റിനുള്ളിലെ പ്രാർത്ഥനാമുറി ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചു; ഓസീസിനെ പിടിച്ചുലച്ച് വിവാദം
ലൈംഗികത്തൊഴിലാളികളെയും ആവശ്യാനുസരണം പാർലമെന്റിന് അകത്തേക്ക് എത്തിച്ചതായി റിപ്പോര്‍ട്ട്
കാൻബറ: ആഗോളതലത്തിൽ ഓസ്‌ട്രേലിയയെ നാണം കെടുത്തി ലൈംഗിക ആരോപണം. പാർലമെന്റ് മന്ദിരത്തിലെ പ്രാർത്ഥനാ മുറി എംപിമാർ ലൈംഗിക ബന്ധത്തിനായി സ്ഥിരം ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലാണ് ഓസീസിനെ പിടിച്ചു കുലുക്കിയത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ചോര്‍ന്നു.
ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിലെ പുരുഷ ജീവനക്കാർ ഫേസ്ബുക്ക് മെസഞ്ചറിൽ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ലൈംഗികത്തൊഴിലാളികളെ ആവശ്യാനുസരണം പാർലമെന്റിന് അകത്തേക്ക് എത്തിച്ചിരുന്നതായും ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിസിൽബ്ലോവറാണ് വീഡിയോകളും ഫോട്ടോകളും ചോർത്തിയത്.
സംഭവത്തിൽ ഒരു ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. രാജ്യത്തിന് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണ് സംഭവമെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചു. സർക്കറിലെ വനിതാ ഉപദേഷ്ടാവിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ പ്രധാനമന്ത്രി പ്രതിരോധത്തിൽ നിൽക്കുന്ന വേളയിലാണ് പുതിയ വിവാദം ഉയരുന്നത്.
ബ്രിറ്റാനി ഹിഗ്‌സ് എന്ന ജീവനക്കാരിയാണ് സഹജീവനക്കാരില്‍ നിന്ന് നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറഞ്ഞിരുന്നത്. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള മനോഭാവം തിരുത്തുന്നതിന് വേണ്ടിയാണ് തുറന്നുപറച്ചില്‍ നടത്തുന്നത് എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. സംഭവം കൈകാര്യം ചെയ്ത മോറിസിന്റെ രീതി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.