റോഡിലല്ല, കടലില്‍ ഒരു ട്രാഫിക് ബ്ലോക്ക്: സൂയസ് കനാലില്‍ കപ്പല്‍ കുറുകെ ചെരിഞ്ഞു

കപ്പല്‍ കുടുങ്ങിയതോടെ കപ്പല്‍ച്ചാലില്‍ ഡസന്‍ കണക്കിന് കപ്പലുകളാണ് കുടുങ്ങി കിടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2021-03-25 06:15 GMT
Advertising

ഒരു റോഡപകടമുണ്ടായാല്‍ ഉടനെ ട്രാഫിക് ബ്ലോക്കാവുന്നത് നിത്യസംഭവമാണ്. എന്നാലിപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയായിരിക്കുകയാണ് ഒരു ട്രാഫിക് ബ്ലോക്ക്. വന്‍ ട്രാഫിക് ബ്ലോക്കാണ് ഉണ്ടായിരിക്കുന്നത്. ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നത് നിരവധി കപ്പലുകളാണ് എന്നതാണ് ഈ ട്രാഫിക് ബ്ലോക്ക് ലോകമെങ്ങും ചര്‍ച്ചയാകാന്‍ കാരണമായിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമുദ്രപാതയായ ഈജിപ്തിലെ സൂയസ് കനാലിലാണ് ഈ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരിക്കുന്നത്. ഒരു വമ്പന്‍ കണ്ടെയ്‍നര്‍ കപ്പല്‍, കനാലില്‍ കുറുകെ ചെരിഞ്ഞതാണ് ബ്ലോക്കിന് കാരണമായിരിക്കുന്നത്.

സൂയസ് കനാലിന്‍റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപം ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എവര്‍ ഗ്രീന്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണ് ഇത്. മൂന്നു വർഷം മുമ്പ്​ ജപ്പാനിൽ നിർമിച്ചതാണ് ഈ കപ്പല്‍. രണ്ടു ലക്ഷം ടൺ ആണ്​ കപ്പലിന്‍റെ ചരക്ക് ശേഷി. ജപ്പാനിലെ ഷൂയി ​കിസെൻ ​കയ്​ഷ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്​ കപ്പല്‍.

പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് കപ്പല്‍ കമ്പനി പറയുന്നത്. കാറ്റില്‍ ഒരുവശത്തേക്ക് ചരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരു ഭാഗത്ത് ഇടിക്കുകയും ചെയ്തു. കപ്പലിനെ നിരവധി ടഗ് ബോട്ടുകള്‍ കൊണ്ട് വലിച്ചുനീക്കാന്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മുഴുവന്‍ ചരക്കും നീക്കിയാല്‍ മാത്രമേ കപ്പലിനെ നീക്കാന്‍ സാധിക്കുള്ളു. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളെടുക്കും.

കപ്പല്‍ കുടുങ്ങിയതോടെ കപ്പല്‍ച്ചാലില്‍ ഡസന്‍ കണക്കിന് കപ്പലുകളാണ് കുടുങ്ങി കിടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവശത്തേക്കും നീങ്ങുകയായിരുന്ന 100ലേറെ കപ്പലുകളാണ് പാതിവഴിയിൽ നിർത്തിയിട്ടിരിക്കുന്നത്.

മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍, ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നാണിത്. ഇവിടെ മുമ്പും കപ്പലുകൾ മുടങ്ങി ബ്ലോക്കുകള്‍ ഉണ്ടായിട്ടുണ്ട്. 2017ലും 2004ലും സമാനരീതിയില്‍ അപകടമുണ്ടായിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News