സൂയസ് പ്രതിസന്ധി: കപ്പൽ രക്ഷപ്പെട്ടെങ്കിലും ഇന്ത്യക്കാരടക്കമുള്ള ജീവനക്കാർ കുരുക്കിൽ

കപ്പലിലെ ജീവനക്കാർക്ക് മുംബൈ ആസ്ഥാനമായുള്ള സമുദ്രജോലിക്കാരുടെ ദേശീയ യൂണിയൻ (എൻ.യു.എസ്.ഐ) ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2021-03-30 07:17 GMT
Editor : Andrés
Advertising

സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ചയോളം സ്തംഭിപ്പിച്ച പ്രതിസന്ധിയിൽ നിന്ന് എവർ ഗിവൺ കപ്പൽ കരകയറിയെങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ കാര്യം പ്രതിസന്ധിയിൽ തുടരുന്നു. ഇന്ത്യക്കാരായ 25 പേരാണ് തായ്‌വാനീസ് കമ്പനിയായ എവർഗ്രീന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാർ. കൊടുങ്കാറ്റിനെ തുടർന്ന് കപ്പൽ നിയന്ത്രണം വിട്ട് കനാലിൽ കുടുങ്ങിയെങ്കിലും ഇവർ അപകടമൊന്നുമില്ലാതെ സുരക്ഷിതരായിരുന്നു. എന്നാൽ, ജീവനക്കാർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടായേക്കാമെന്നും അവരുടെ ഭാവി വരെ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

കപ്പലുകൾ അപകടത്തിൽപ്പെട്ടാൽ അതിലെ ക്യാപ്ടനെയും ചില ജീവനക്കാരെയും തുടർന്ന് യാത്രചെയ്യുന്നതിൽ നിന്ന് വിലക്കുന്നതാണ് ബന്ധപ്പെട്ട നിയമങ്ങൾ. അപകട കാരണം വ്യക്തമാക്കുന്നതിനുള്ള അന്വേഷണം പൂർത്തിയാകുംവരെ ഇവരെ വീട്ടുതടങ്കലിൽ പാർപ്പിക്കും. ക്യാപ്ടന്റെയോ ജീവനക്കാരുടെയോ പിഴവാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തലെങ്കിൽ ഇവർ കൂടുതൽ പ്രതിസന്ധിയിലാകും. കപ്പലിനുള്ളിലെ ഷിപ്പ് വൊയേജ് ഡേറ്റ റെക്കോർഡറിലെ ശബ്ദങ്ങൾ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചായിരിക്കും അന്വേഷണം. അപകടത്തിനു മുമ്പ് ക്യാപ്ടനും ജീവനക്കാരും നടത്തിയ സംഭാഷണങ്ങൾ, കപ്പലിന്റെ വേഗത, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കും.

സൂയസ് പരിസരത്തെ ശക്തമായ മണൽക്കാറ്റും അസാധാരണമായ തോതിലുള്ള തിരകളുമാണ് കപ്പൽ നിയന്ത്രണം വിട്ട് തിരിയാൻ കാരണമായതെന്നാണ് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, അപകടത്തിനു പിന്നിൽ മാനുഷികമായ പിഴവും ഉണ്ടെന്ന് സൂയസ് കനാൽ അതോറിറ്റി തലവൻ ലഫ്. ജനറൽ ഒസാമ റാബി അഭിപ്രായപ്പെട്ടു. എവർ ഗിവണിന് അനുവദിക്കപ്പെട്ട വേഗത 7.6 മുതൽ 8.6 വരെ നോട്ട് ആയിരുന്നുവെന്നും എന്നാൽ അപടകസമയത്ത് കപ്പൽ 13.5 നോട്ട് വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

അപകടം കാരണമായി പരിസ്ഥിതിക്ക് കാര്യമായ ക്ഷതമുണ്ടായെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടാൽ ഭീമമായ തുക ക്യാപ്ടൻ പിഴയൊടുക്കേണ്ടി വരുമെന്നതാണ് ചട്ടം. എന്നാൽ, എവർ ഗിവൺ അപടത്തിൽ സൂയസ് കനാലിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും കാർഗോ സുരക്ഷിതമാണെന്നുമാണ് വിവരം.

എവർ ഗിവണിലെ 25 ജീവനക്കാരുടെ പേരുവിവരങ്ങൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇവർ പൂർണ ആരോഗ്യവാന്മാരാണെന്നും കപ്പലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഇവർ സജീവമായി പങ്കെടുത്തെന്നും കപ്പലിന്റെ ടെക്‌നിക്കൽ മാനേജിങ് കമ്പനിയായ ബേൺഹാർഡ് സ്‌കുൽറ്റ് ഷിപ്പ് മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം, കപ്പലിലെ ജീവനക്കാർക്ക് മുംബൈ ആസ്ഥാനമായുള്ള സമുദ്രജോലിക്കാരുടെ ദേശീയ യൂണിയൻ (എൻ.യു.എസ്.ഐ) ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

'എവർ ഗിവണിലുള്ള എല്ലാ ജീവനക്കാർക്കും എൻ.യു.എസ്.ഐ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ജീവനക്കാരുമായി ബന്ധപ്പെട്ടിരുന്നു. അവർ ആരോഗ്യവാന്മാരാണെങ്കിലും സമ്മർദത്തിലാണ്. അവർ ഒറ്റക്കല്ല, ആവശ്യമായ എല്ലാ സഹായവും ഞങ്ങൾ നൽകും.' യൂണിയൻ ജനറൽ സെക്രട്ടറി അബ്ദുൽഗനി സെരംഗ് ട്വീറ്റ് ചെയ്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Andrés

contributor

Editor - Andrés

contributor

Similar News