ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവില്‍ സൂയസ് കനാല്‍ പ്രതിസന്ധിക്ക് വിരാമം
മണല്‍തിട്ടയില്‍ കുരുങ്ങിയ എവർഗിവണ്‍ ചരക്കുകപ്പല്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി
ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവില്‍ സൂയസ് കനാല്‍ പ്രതിസന്ധിക്ക് വിരാമം. മണല്‍തിട്ടയില്‍ കുരുങ്ങിയ എവർഗിവണ്‍ ചരക്കുകപ്പല്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. മണ്ണുമാന്തി കപ്പലുകളുടെയും നിരവധി ബോട്ടുകളുടെയും കഠിന പ്രയത്നത്തിനൊടുവിലാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് തിരിച്ചടിയായ പ്രതിസന്ധിക്ക് പരിഹാരമായത്.
ഒടുവില് സൂയസിന്‍റെ ഓളപ്പരപ്പില്‍ എവർഗിവണ്‍ വീണ്ടും ശബ്ദം മുഴക്കി മുമ്പോട്ടു നീങ്ങി. ഏഴ് ദിവസം അനങ്ങാനാകാതെ കിടന്ന എവർഗിവണ്‍ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുന്നത്. കൂറ്റന്‍ മണ്ണുമാന്തി കപ്പല്‍ മുതല്‍ കുഞ്ഞന്‍ ബുള്‍ഡോസര്‍ വരെ എവർഗിവണ്‍ ഭീമനെ തിരികെ കർമപഥത്തിലേക്ക് എത്തിക്കാന്‍ പാടുപെട്ടു.
കപ്പലിന്‍റെ കുരുക്കഴിഞ്ഞപ്പോള്‍ ചുറ്റും അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാനാകാതെ കിടന്ന 300 കപ്പലുകള്‍ക്കും ആശ്വാസം. മണലിന്‍റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടെങ്കിലും എവര്‍ ഗിവണിന് ഉടന്‍ തീരം വിടാനാകില്ല.. വിദഗ്ധ സംഘത്തിന്‍റെ പരിശോധന കഴിഞ്ഞേ മടങ്ങാനാകൂ.
കപ്പലിനെ മണല്‍ കുരുക്കില്‍ നിന്ന് രക്ഷിക്കാന്‍ മുപ്പതിനായിരം ക്യുബിക് മീറ്റർ മണ്ണും മണലുമാണ് സൂയസ് കനാലില്‍ നിന്ന് നീക്കിയത്. സൂയസില്‍ കപ്പല്‍ കുടുങ്ങിയതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കമാണ് നിന്നുപോയത്.ഇതെതുടര്‍ന്ന് പ്രതിദിനം നൂറ് കോടിയുടെ നഷ്ടം സൂയസ് അതോറിറ്റിക്കുണ്ടായി. ഈ മാസം 23നാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് എവർഗ്രീന്‍ കമ്പനിയുടെ എവർഗിവണ്‍ ചരക്കുകപ്പല്‍ സൂയസ് കനാലില്‍ മണലിലിടിച്ച് കുരുങ്ങിയത്.