സാമൂഹ്യ അകലം പാലിച്ചില്ല; പ്രധാനമന്ത്രിക്ക് പിഴയിട്ട് പൊലീസ്!
നോർവേ പോലീസാണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയത്. 2,352 ഡോളർ (ഏകദേശം ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം ഇന്ത്യന്‍ രൂപ) ആണ് പിഴ
കോവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി പാലിച്ചുപോരുന്ന സാമൂഹിക അകലം ലംഘിച്ചതിന് പ്രധാനമന്ത്രി എർന സോൽബെർഗിന് പൊലീസ് പിഴ ചുമത്തി. പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയത്. നോർവേ പോലീസാണ് പ്രധാനമന്ത്രിക്ക് തന്നെ പിഴ ചുമത്തിയത്. 2,352 ഡോളർ (ഏകദേശം ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം ഇന്ത്യന്‍ രൂപ) ആണ് പിഴ ചുമത്തിയതെന്ന് പൊലീസ് മേധാവി ഒലെ സാവെറുഡ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി അവസാനമാണ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്താനിടയായ സംഭവം നടക്കുന്നത്. ഒരു റിസോർട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം അറുപതാം പിറന്നാളിന്‍റെ ആഘോഷ പരിപാടി സംഘടിപ്പിച്ചതാണ് സംഭവം. പത്തിലധികം പേര്‍ ഒത്തുചേര്‍ന്നുള്ള പരിപാടികള്‍ക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം. 13 പേരാണ് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയത്.
'സാധാരണ ഇത്തരം കേസുകളില്‍ പൊലീസ് പിഴ ഈടാക്കാറില്ലെങ്കിലും, ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സർക്കാർ പ്രവർത്തനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി തന്നെ നിയമലംഘനം നടത്തുമ്പോള്‍ പിഴ ചുമത്തുന്നതാണ് ശരിയെന്ന് തോന്നി. നിയമം എല്ലാവർക്കും തുല്യമാണെങ്കിലും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ല, അതിനാൽ തന്നെ സാമൂഹിക നിയന്ത്രണങ്ങളെ കേന്ദ്രീകരിച്ചുള്ള നിയമങ്ങളിൽ പൊതുജനങ്ങളുടെ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയ നടപടി ശരിയാണെന്നാണ് വിശ്വസിക്കുന്നത്' പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് പൊലീസ് മേധാവി ഒലെ സാവെറുഡ് പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് മറുപടിയോ വിശദീകരണമോ നല്‍കിയിട്ടില്ല. 2021ന്‍റെ ആദ്യ പാദത്തിലാണ് നോര്‍വേയില്‍ കോവിഡ് വ്യാപനം വേഗത കൈവരിച്ചത്. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുകയായിരുന്നു.