അതിർത്തികൾ അടച്ച് ബംഗ്ലാദേശ്; മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയവർക്ക് മടങ്ങാനായില്ല, പ്രതിഷേധം

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കരമാര്‍ഗമുള്ള എല്ലാ യാത്രാമാര്‍ഗങ്ങളും അടക്കുകയാണെന്ന് ബംഗ്ലാദേശ് വിദേശമന്ത്രി അബ്ദുല്‍ മൊമിന്‍

Update: 2021-04-27 02:07 GMT
Editor : André | By : Web Desk
Advertising

ഇന്ത്യയിലെ കോവിഡ് 19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി അടക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചതോടെ, മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ നിരവധി ബംഗ്ലാദേശ് പൗരന്മാർ കുടുങ്ങി. മുൻകൂട്ടി പ്രഖ്യാപിക്കാതെ അതിർത്തി അടച്ചതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ പെട്രപോളിൽ നിരവധി ബംഗ്ലാദേശി പൗരന്മാർ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ത്യയിലെ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ഞായറാഴ്ചയാണ് ബംഗ്ലാദേശ്, ഇന്ത്യയിൽ നിന്ന് കരമാർഗമുള്ള യാത്രാമാർഗങ്ങൾ അടച്ചത്. അനിശ്ചിത കാലത്തേക്ക് അതിർത്തികളെല്ലാം അടക്കുകയാണെന്നും തുറക്കുന്ന കാര്യത്തിൽ മെയ് 9-ന് തീരുമാനമെടുക്കുമെന്നും ബംഗ്ലാദേശ് വിദേശമന്ത്രി എ.കെ അബ്ദുൽ മൊമിൻ പറഞ്ഞു. അതേസമയം, ചരക്കുനീക്കത്തിനായി അതിർത്തികൾ തുറന്നുകൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 14 മുതൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ബംഗ്ലാദേശ് വിലക്കേർപ്പെടുത്തിയിരുന്നു.

കോവിഡ് കേസുകളും മരണസംഖ്യയും വർധിച്ച സാഹചര്യത്തിൽ ബംഗ്ലാദേശിലുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മാത്രം 97 പേർ മരിക്കുകയും 3306 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനകം 11,150 പേരാണ് ബംഗ്ലാദേശിൽ കോവിഡ് ബാധിച്ചു മരിച്ചത്. 7.4 ലക്ഷം പേരാണ് രാജ്യത്തെ കോവിഡ് ബാധിതർ.

ഈദുൽ ഫിത്തറിന് മുന്നോടിയായി ഷോപ്പിങ് മാളുകളും മാർക്കറ്റുകളും തുറക്കാൻ അനുവദിച്ചെങ്കിലും കോവിഡ് പ്രൊട്ടോക്കോൾ പാലിക്കാത്തവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഗവൺമെന്റ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.



Tags:    

Editor - André

contributor

By - Web Desk

contributor

Similar News