മാസ്‌ക് ധരിക്കാതെ മോട്ടോര്‍ സൈക്കിള്‍ റാലി; ബ്രസീല്‍ പ്രസിഡന്റിന് പിഴ
ആക്‌സലറേറ്റ് ഫോര്‍ ക്രൈസ്റ്റ് എന്ന പേരിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുത്ത ബ്രസീല്‍ പ്രസിഡന്റിന് പിഴ. സാവോ പോളോ സംസ്ഥാന അധികൃതരാണ് 552.71 ബ്രസീലിയന്‍ റീല്‍ ഏകദേശം 108 ഡോളര്‍ പിഴ വിധിച്ചത്. പ്രസിഡന്റ് ബൊല്‍സൊനാരോ, മകന്‍ ഇക്വാര്‍ഡോ ബൊല്‍സനാരോ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി ടാര്‍സിഷ്യോ ഗോമസ് എന്നിവര്‍ക്കാണ് പിഴ വിധിച്ചത്.
ആക്‌സലറേറ്റ് ഫോര്‍ ക്രൈസ്റ്റ് എന്ന പേരിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്. ബൊല്‍സനാരോ ആയിരുന്നു റാലി സംഘടിപ്പിച്ചത്. മുഖം പൂര്‍ണമായി മറയ്ക്കാത്ത വിധത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരുന്ന ബൊല്‍സനാരോ മാസ്‌ക് ധരിച്ചിരുന്നില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് സാവോ പോളോ ഗവര്‍ണറും ബൊല്‍സനാരോയുടെ രാഷ്ട്രീയ എതിരാളിയുമായ ജൊവീവോ ഡോറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും ഇരുവരും കോമ്പുകോര്‍ത്തിരുന്നു.