മൂന്ന് വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ ചൈന
സിനോവാക് നിർമിക്കുന്ന കൊറോണവാകിൻ്റെ അടിയന്തര ഉപയോഗത്തിനാണ് അംഗീകാരം നൽകിയിരിക്കുന്നത്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂന്നിനും 17നും ഇടയിൽ പ്രായമുള്ളവരിൽ വാക്സിൻ നൽകാൻ അംഗീകാരം നൽകി ചൈന. കൊറോണവാകിൻ്റെ അടിയന്തര ഉപയോഗത്തിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ചൈനീസ് കമ്പനിയായ സിനോവാകാണ് കൊറോണവാക് നിർമിക്കുന്നത്. അതേസമയം, വാക്സിൻ എന്നുമുതൽ നൽകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
മൂന്നിനും 17നും ഇടയിൽ പ്രായമുള്ള നിരവധി പേരിൽ കൊറോണവാക് ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ നടത്തിയിരുന്നു. മുതിർന്നവരെ പോലെ ഇവരിലും വാക്സിൻ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിനായ കൊറോണവാകിന് ജൂൺ ഒന്നിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. നേരത്തെ, ചൈനയുടെ സിനോഫാർമിന് സമാനമായ അനുമതി ഡബ്ല്യു.എച്ച്.ഒ നൽകിയിരുന്നു.
ചൈനയിൽ വാക്സിനുകൾ നൽകുന്നതിന് പുറമെ വിവിധ രാജ്യങ്ങളിലേക്കും ഈ വാക്സിനുകൾ കയറ്റി അയക്കുന്നുണ്ട്. ഇതുവരെ ചൈനയിലുടനീളം 763 ദശലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു