ലോകത്തിലേറ്റവും കൂടുതൽ വാക്സിൻ നൽകിയ രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായി

Update: 2021-05-11 12:38 GMT
Advertising

ലോകത്തിലേറ്റവും കൂടുതൽ വാക്സിൻ നൽകിയ രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായി. രാജ്യത്തിൻറെ ജനസംഖ്യയുടെ മുഴുവൻ പേർക്കും വാക്സിൻ നൽകിയ സീഷെല്ലിസ് എന്ന രാജ്യത്തിലാണ് കോവിഡ് കേസുകൾ കഴിഞ്ഞ ആഴ്ചയിലേതിനും ഇരട്ടിയായത്.വാക്സിൻ ജനങ്ങൾക്കിടയിൽ രോഗത്തിന്റെ വ്യാപനം തടയാൻ സഹായിക്കുന്നില്ലെന്ന ആശങ്കയിലാണ് രാജ്യം.

എന്നാൽ വ്യക്തമായ പഠനങ്ങളില്ലാതെ ഇത് വാക്സിന്റെ പരാജയമാണെന്ന് പറയാൻ കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും സംഘടന അറിയിച്ചു.കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാളും ഇരട്ടിയായതായി ആഫ്രിക്കയുടെ കിഴക്കൻ തീരപ്രദേശത്തെ ദ്വീപ് രാജ്യത്തിലെ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 37 ശതമാനത്തോളം രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റൊരു ദ്വീപ് രാജ്യമായ മാലദ്വീപിലും കോവിഡ് കേസുകൾ വർധിക്കുകയാണ്.

സീഷെല്ലിസിൽ വാക്സിനേഷൻ നടത്തിയതിൽ 57 ശതമാനം പേർക്കും സിനോഫാമും ബാക്കിയുള്ളവർക്ക് ഇന്ത്യൻ നിർമിത കോവിഷീൽഡ്‌ വാക്സിനുമാണ് നൽകിയത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച മുതൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. പതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ B.1.351 കോവിഡ് വകഭേദം കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെയും റിപ്പോർട്ട് ചെയ്തിരുന്നു. കോവിഷീൽഡ്‌ വാക്സിൻ ഈ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഏപ്രിൽ അവസാന വാരത്തെ ജനിതക പഠനങ്ങൾ ലഭ്യമായാൽ മാത്രമേ കൂടുതൽ തീർപ്പിലെത്താൻ കഴിയൂ.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News