'ഹൃദയഭേദകം'; കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി മൈക്രോസോഫ്റ്റും
ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നദെല്ല
കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നദെല്ല. നിലവിലെ ഇന്ത്യൻ അവസ്ഥ ഹൃദയഭേദകമാണെന്ന് സഹായം പ്രഖ്യാപിച്ച ട്വീറ്റിൽ നദെല്ല കുറിച്ചു.
രാജ്യത്ത് ഓക്സിജൻ സൗകര്യം ലഭ്യമാക്കുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും കമ്പനി തങ്ങളുടെ വിഭവങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയുടെ നിലവിലെ സ്ഥിതി ഹൃദയഭേദകമാണ്. യു.എസ് സർക്കാർ ഇന്ത്യയെ സഹായിക്കാൻ അണിനിരന്നതിൽ നന്ദി രേഖപ്പെടുത്തുന്നു. മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ വിനിയോഗിക്കും. ക്രിട്ടിക്കൽ ഓക്സിജൻ ഉപകരണങ്ങൾ വാങ്ങാൻ സഹായം നൽകും' - സത്യ നദെല്ല ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും രംഗത്തെത്തിയിരുന്നു. സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി 135 കോടി രൂപയാണ് ഗൂഗിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി കണ്ട് തകർന്നിരിക്കുകയാണെന്ന്, ഇന്ത്യയ്ക്കുള്ള സഹായം പ്രഖ്യാപിച്ച ട്വീറ്റിൽ പിച്ചൈ കുറിച്ചു.