യു.എസിന്റെ വെടിനിർത്തൽ നിർദേശം തള്ളി ഇസ്രായേൽ; ഗസ്സയിൽ കൊല്ലപ്പെട്ടത് 238 പേർ
ഗസ്സയിൽ ഇസ്രായേലിന്റെ ശക്തമായ വ്യോമ, ഷെല്ലാക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്.
ഗസ്സയിൽ ഇസ്രായേലിന്റെ ശക്തമായ വ്യോമ, ഷെല്ലാക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് വെളുപ്പിനും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണത്തിലൂടെ നിരവധി കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. ഗസ്സയിൽ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും സംഭവിക്കുകയെന്ന് യു.എൻ കൂട്ടായ്മ മുന്നറിയിപ്പ് നൽകി.
യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ വെടിനിർത്തൽ നിർദേശം തള്ളിയാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിനു മുന്നോടിയെന്ന നിലക്കാണ് കനത്ത വ്യോമാക്രമണമെന്നും റിപ്പോർട്ടുണ്ട്. അതേ സമയം അഷ്കലോൺ, അഷ്ദോദ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് ഹമാസ് നിരവധി റോക്കറ്റുകൾ തൊടുത്തുവിട്ടു. സിദ്റത്തിൽ റോക്കറ്റ് പതിച്ച് രണ്ട് ഇസ്രായേലികൾക്ക് പരിക്കേറ്റു.
വെസ്റ്റ് ബാങ്കിലും പ്രക്ഷോഭം തുടരുകയാണ്. മൂന്നാം ഇൻതിഫാദ കരുത്താർജിക്കുന്നതിെൻറ ഭാഗമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ഗസ്സയിലെ അതിക്രമം എത്രകാലം നീണ്ടുനിൽക്കും എന്ന് പറയാനാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ചൈന, റഷ്യ ഉൾപ്പെടെ മറ്റ് വൻശക്തി രാജ്യങ്ങളും വെടിനിർത്തലിനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. എന്നാൽ വെടിനിർത്തൽ നിർേദശം സ്വീകാര്യമല്ലെന്ന് ഇസ്ലാമിക് ജിഹാദ് മൂവ്മെൻറ് സെക്രട്ടറി ജനറൽ വ്യക്തമാക്കി. ആക്രമണത്തിൽ അടിയന്തര രക്ഷാസമിതി യോഗം വിളിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു.
238 പേരാണ് ഗസ്സയിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി കുട്ടികളും സ്ത്രീകളും കുരുതിക്കിരയായി.bഅയൽരാജ്യമായ ലബനാനിലും ഇസ്രായേൽ ആക്രമണം നടത്തി. ദക്ഷിണ ലബനാൻ അതിർത്തിയിൽനിന്ന് ഇസ്രായേൽ ലക്ഷ്യമിട്ട് റോക്കറ്റുകൾ പതിച്ചതിനു തിരിച്ചടിയായി ഇസ്രായേൽ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
അതിനിടെ, ഇസ്രായേൽ തള്ളിയെങ്കിലും അതിക്രമം അവസാനിപ്പിക്കാൻ എല്ലാ നടപടികളും തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.