നഷ്ടപരിഹാരം വേണം: സൂയസില്‍ തടസം സൃഷ്ടിച്ച എവര്‍ ഗിവണ്‍ പിടിച്ചെടുത്ത് ഈജിപ്ത്‌

നഷ്ടപരിഹാരമായ 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ് കനാല്‍ അതോറിറ്റി പിടിച്ചെടുത്തത്

Update: 2021-04-15 08:28 GMT
Editor : rishad | By : Web Desk
Advertising

സൂയസ് കനാലിലെ ഗതാഗതം തടസ്സപ്പെടുത്തി വഴിയടച്ച എം.വി എവർ ഗിവൺ കപ്പൽ പിടിച്ചെടുത്ത് ഈജിപ്ത്. നഷ്ടപരിഹാരമായ 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ് കനാല്‍ അതോറിറ്റി പിടിച്ചെടുത്തത്. നഷ്ടപരിഹാര തുക നല്‍കാതെ കപ്പല്‍ വിട്ടുകൊടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കപ്പലിനെ ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് 900 മില്യണ്‍ ഡോളര്‍ നല്‍കാന്‍ കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും ദിവസമായിട്ടും കപ്പല്‍ ഉടമകള്‍ പണമടച്ചില്ലെന്നും അതിനാലാണ് ഔദ്യോഗികമായി കപ്പല്‍ പിടിച്ചെടുത്തെതെന്നുമാണ് കനാല്‍ അതോറിറ്റി മേധാവിയുടെ വിശദീകരണം.

2,00,200 ടൺ ഭാരം വരുന്ന ചരക്കുകപ്പലാണ് മാർച്ച് 23ന് സൂയസ് കനാലിൽ കുടുങ്ങിയത്. ആറു ദിവസം നീണ്ടുനിന്ന കഠിനശ്രമങ്ങൾക്കു ശേഷമാണ് സൂപ്പർമൂൺ വേലിയേറ്റ സമയത്ത് കപ്പൽ നീക്കിയത്. കപ്പൽ കുടുങ്ങിയതോടെ ഈജിപ്ത്തിന് ഒരു ദിവസം 12 മുതൽ 15 മില്യൺ ഡോളർ വരെ വരുമാനമാണു നഷ്ടമായത്. ഇതേത്തുടർന്നാണ് കപ്പലിന് 900 മില്യൺ ഡോളർ പിഴ ചുമത്തിയത്.

അതേസമയം, നഷ്ടപരിഹാര തുക സംബന്ധിച്ച് കനാല്‍ അതോറിറ്റിയും കപ്പല്‍ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതായും വിവരമുണ്ട്. ജപ്പാന്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ ഓപ്പറേറ്റ് ചെയ്യുന്നത് തായ്‌വാന്‍ കമ്പനിയാണ്. നിലവില്‍ ഈജിപ്തിലെ ഗ്രേറ്റ് ബിറ്റര്‍ ലേക്കിലാണ് എവര്‍ഗിവണ്‍ നങ്കൂരമിട്ടിരിക്കുന്നത്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News