8859 കോടി രൂപ നഷ്ടപരിഹാരം നൽകിയില്ല; എവർ ഗിവൺ കപ്പൽ സൂയസിൽ തന്നെ

കനാൽ അതോറിറ്റി നൽകിയ പരാതിയിൽ കപ്പൽ ഇസ്‌ലാമിയ നഗരത്തിലെ കോടതി കണ്ടു കെട്ടിയിരുന്നു

Update: 2021-05-06 09:47 GMT
Editor : abs | By : Web Desk
Advertising

കൈറോ: സൂയസ് കനാലിൽ ട്രാഫിക് കുരുക്കുണ്ടാക്കിയ ചരക്കുകപ്പൽ 'എവർ ഗിവൺ' ഇപ്പോഴും ഈജിപ്ത് വിട്ടില്ല. സൂയസ് കനാൽ അതോറിറ്റി ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാൻ കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് കപ്പൽ ഇപ്പോഴും കനാലിൽ കിടക്കുന്നത്. ആറു ദിവസം കനാൽ വഴി ചരക്കുകടത്ത് തടസ്സപ്പെട്ട വകയിലും കപ്പൽ രക്ഷപ്പെടുത്താൻ വന്ന ചെലവുമടക്കം 120 കോടി ഡോളർ (8,859 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

ജപ്പാൻ കമ്പനിയായ ഷോയ് കിസൻ കൈഷയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. കനാൽ അതോറിറ്റി നൽകിയ പരാതിയിൽ കപ്പൽ ഇസ്‌ലാമിയ നഗരത്തിലെ കോടതി കണ്ടു കെട്ടിയിരുന്നു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി സാമ്പത്തിക കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിധി പുനഃപരിശോധിക്കാൻ അവർ തയ്യാറായില്ല. എവർ ഗിവൺ ഇൻഷൂർ ചെയ്ത യുകെ ക്ലബ് ആണ് നഷ്ടപരിഹാരം നൽകേണ്ടത്.

കനാലിന് നടുവിൽ ഗ്രേറ്റ് ബിറ്റർ തടാകത്തിൽ പിടിച്ചിട്ടിരിക്കുകയാണ് രണ്ടു ലക്ഷം ടൺ ചരക്കു കടത്താൻ ശേഷിയുള്ള കപ്പൽ. 18,300 കണ്ടെയ്‌നറുകളാണ് അപകട സമയത്ത് കപ്പലിലുണ്ടായിരുന്നത്. ഡച്ച് നഗരമായ റോട്ടർഡാമിലേക്ക് യാത്രക്കിടെ മാർച്ച് 23നാണ് ചരക്കുകപ്പൽ മണൽതിട്ടയിലിടിച്ച് വഴിമുടക്കി നിന്നത്. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിൽ സഞ്ചരിക്കേണ്ട കപ്പലുകൾ നിശ്ചലമായതു മൂലം പ്രതിദിനം 9.3 ബില്യൺ ഡോളറിന്റെ വാണിജ്യനഷ്ടമാണ് ഉണ്ടായിരുന്നത്. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News