വംശവെറി ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നിട്ട് ഒരു വര്‍ഷം; ശിക്ഷാവിധി ഈ ആഴ്ച

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫ്ലോയിഡിന്റെ കുടുബവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.

Update: 2021-05-26 03:54 GMT
Advertising

അമേരിക്കൻ പൊലീസിന്‍റെ വർണവിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ ഓർമയിൽ ലോകം. ഫ്ലോയ്ഡ് മരിച്ച് ഇന്നലെ ഒരു വർഷം തികയുമ്പോൾ പ്രതിയുടെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് കുടുംബം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫ്ലോയിഡിന്റെ കുടുബവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.

ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം കള്ളനോട്ട് കൊടുത്തുവെന്ന ആരോപണത്തിലാണ് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസ് പിടികൂടുന്നത്. വണ്ടിയിൽ നിന്ന് വലിച്ചിറക്കി റോഡിൽ കിടത്തി ഡെറക് ഷോവീനെന്ന പൊലീസുകാരൻ കാൽമുട്ട് ഫ്ലോയിഡിന്റെ കഴുത്തിൽ അമർത്തി. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന് ഫ്ലോയിഡ് പലവട്ടം വിളിച്ചുപറയുന്നുണ്ടായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടു. സംഭവം കണ്ടുനിന്ന ഡാർണെല്ല ഫ്രെയ്സർ എന്ന ധീരയായ പെൺകുട്ടി പകർത്തിയ 8 മിനിറ്റും 15 സെക്കന്റും നീണ്ട ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പടർന്നു.

'ഐ കാൻഡ് ബ്രീത്' എന്ന് നിസഹായനായി പറയുന്ന ഫ്ലോയിഡിന്റെ ശബ്ദം അമേരിക്കയുടെ തെരുവുകളെ പിടിച്ചുലച്ചു. ആയിരങ്ങൾ തെരുവിലിറങ്ങി. പലയിടങ്ങളിലും പ്രക്ഷോഭം അക്രമാസക്തമായി. ലോകമെങ്ങും പ്രതിഷേധം ഇരമ്പി. അന്ന് ട്രംപിന്റ കീഴിലായിരുന്നു അമേരിക്ക. പ്രതിഷേധത്തിന്റെ ഫലമായി ഫ്ലോയിഡിനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. എഫ്ബിഐ അന്വേഷണം ഏറ്റെടുത്തു കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകത്തിന്റെ വാർഷികത്തിൽ ഫ്ലോയിഡിന്റെ കുടുംബത്തെ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു.

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, പ്രതിക്കുള്ള ശിക്ഷ ഈ ആഴ്ച പ്രഖ്യാപിക്കും. 40 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതാണ് കുറ്റകൃത്യമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. നിറത്തിന്റെയും വംശത്തിന്റെയും പേരിൽ തലമുറയായി ഏറ്റുവന്ന അപമാനങ്ങളുടെ തീവ്രത കുറക്കാൻ വിധി സഹായകമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News