സ്പുട്നിക്കിന്‍റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള അതാത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് നിര്‍മ്മാതാക്കള്‍ 

ഇടവേള വര്‍ധിപ്പിക്കുന്നത് വാക്‌സിന്‍റെ ഫലപ്രാപ്തിയെ ബാധിക്കില്ല.

Update: 2021-04-26 17:06 GMT
Advertising

റഷ്യയുടെ സ്പുട്നിക്- V കോവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള മൂന്നു മാസം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്‍റര്‍. വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള 21 ദിവസം(3 ആഴ്ച) ആണെങ്കിലും ഇതു നിലനിര്‍ത്തണോ നീട്ടണോ എന്നു തീരുമാനിക്കേണ്ടത് അതാത് രാജ്യങ്ങളാണെന്നും ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്‍റ്‌സ്ബര്‍ഗ് പറഞ്ഞു. 

ഇടവേള വര്‍ധിപ്പിക്കുന്നത് വാക്‌സിന്‍റെ ഫലപ്രാപ്തിയെ ബാധിക്കില്ല. രണ്ടാമത്തെ ഡോസ് വൈകുന്നത് ചില സന്ദര്‍ഭങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ജിന്‍റ്‌സ്ബര്‍ഗ് അഭിപ്രായപ്പെട്ടു. സ്പുട്നിക് വാക്‌സിനുള്ള ഉയർന്ന ഡിമാൻഡ് കണക്കിലെടുക്കുമ്പോൾ, ഈ തീരുമാനം രോഗപ്രതിരോധ കുത്തിവെപ്പ് ത്വരിതപ്പെടത്തുമെന്ന് വിശ്വസിക്കുന്നതായും ജിന്‍റ്‌സ്ബര്‍ഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യയുടെ സ്പുട്നിക്- V വാക്സിന്‍ ഉപയോഗത്തിനുള്ള അടിയന്തര അനുമതി ഇന്ത്യ നല്‍കിയിരുന്നു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്‌പെര്‍ട്ട് കമ്മിറ്റിയാണ് സ്പുട്നിക്കിന്‍റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News