ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആമസോണ്‍ മേധാവിയോട് ജീവനക്കാര്‍
ഇസ്രായേലിന്റെ ആക്രമണത്തിൽ 243 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 66ഉം കുട്ടികളായിരുന്നു
ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനോട് ജീവനക്കാര്‍. ഫലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് രംഗത്തെത്തിയത്. ഇസ്രായേല്‍ സൈന്യവുമായുള്ള ബന്ധം കമ്പനി വിഛേദിക്കണമെന്നും ഫലസ്തീനികളുടെ വേദനയും കഷ്ടപ്പാടും അംഗീകരിക്കാന്‍ ആമസോണ്‍ തയാറാകണമെന്നും ആവശ്യപ്പെട്ട് 600 തൊഴിലാളികള്‍ ഒപ്പുവെച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.
ഏതാനും ദിവസം മുന്‍പ് ക്ലൗഡ് സേവനങ്ങൾക്കായി ഇസ്രായേൽ സർക്കാർ ആമസോൺ വെബ് സേവനങ്ങളുമായും ഗൂഗിളുമായും 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇസ്രായേലി പ്രതിരോധ സേന പോലുള്ള നിരന്തരം മനുഷ്യാവകാശ ലംഘനങ്ങളില്‍ ഭാഗമായ അല്ലെങ്കില്‍ അതില്‍ പങ്കാളികളായ സര്‍ക്കാരുകളുമായോ ഇത്തരം കമ്പനികളുമായുള്ള ബിസിനസ്സ് കരാറുകളും കോര്‍പ്പറേറ്റ് സംഭാവനകളും പുനഃപരിശോധിക്കാനും അവ വേര്‍പെടുത്താനും ആമസോണ്‍ പ്രതിജ്ഞാബദ്ധരാകണമെന്നാണ് കത്തിലെ ഇതിവൃത്തം.
തെല്‍ അവീവ്, ഹൈഫ എന്നിവിടങ്ങളിലെ ഓഫീസുകളിലും ലോകമെമ്പാടുമുള്ള ആമസോണ്‍ ഓഫീസുയളിലും ഫലസ്തീനികളെ നിയമിക്കുമ്പോള്‍ തന്നെ ഫലസ്തീനികളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങള്‍ അവഗണിക്കുന്നത് നമ്മുടെ ഫലസ്തീന് സഹപ്രവര്‍ത്തകരെ മറക്കുന്നതിന് തുല്യമാണ് എന്നും ജീവനക്കാര്‍ കത്തില്‍ പറയുന്നു.
നേരത്തെ ആപ്പിള്‍, ഗൂഗിള്‍ ജീവനക്കാര്‍ മേധാവികളോട് സമാന സ്വഭാവത്തിലുള്ള കത്തുകളയച്ചിരുന്നു. ഗാസ മുനമ്പിൽ ബോംബാക്രമണം നടത്തികൊണ്ടിരിക്കുന്ന ഇസ്രയേൽ സൈന്യത്തിന്റെ നടപടികളെ അപലപിക്കാനും പലസ്തീനികളെ പിന്തുണയ്ക്കാനും ഒരുകൂട്ടം ജൂത വിഭാഗത്തിലുള്ള ഗൂഗിൾ ജീവനക്കാരാണ് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇസ്രയേലിന്റെ ഇപ്പോഴത്തെ ആക്രമണത്തെ പരസ്യമായി അപലപിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയോട് കത്തിലൂടെ ജീവനക്കാർ ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമണത്തിൽ 243 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 66ഉം കുട്ടികളായിരുന്നു. കൊല്ലപ്പെട്ടവരിൽ ഗർഭിണികളുമുണ്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ തിരിച്ചടികളിൽ രണ്ട് കുട്ടികൾ അടക്കം 12 പേർ കൊല്ലപ്പെട്ടു. 46 വിദ്യാലയങ്ങൾ അടക്കം 51 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗസ്സയിൽ ഇസ്രായേലിെൻറ ബോംബിങ്ങിൽ തകർന്നിട്ടുണ്ട്. ഗസ്സ ഇസ്ലാമിക സർവകലാശാലയും തകർത്തവയിൽപെടും. ആറ് ആശുപത്രികളിലും 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇസ്രായേൽ ബോംബ് വർഷിച്ചിരുന്നു.