ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍; കയ്യില്‍ കിട്ടിയത് ആപ്പിളിന്‍റെ ഐഫോണ്‍

ഇംഗ്ലണ്ടിലെ ട്വിക്കൻഹാമിൽ താമസിക്കുന്ന നിക്ക് വീടിനടുത്തുള്ള ടെസ്‌കോ എക്സ്ട്രാ ഷോപ്പിൽ നിന്നും ആപ്പിൾ ഓർഡർ ചെയ്‌തു

Update: 2021-04-16 14:17 GMT
Editor : Jaisy Thomas
Advertising

ഓണ്‍ലൈനിലൂടെ ഫോണും മറ്റ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സോപ്പും ചീപ്പുമൊക്കെ ലഭിക്കുന്നത് പതിവ് സംഭവമാണ്. ചിലര്‍ക്ക് നേരെ തിരിച്ചും സംഭവിക്കാറുണ്ട്. ചെറിയ വിലയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വില കൂടിയവയും ലഭിക്കാറുണ്ട്. ബ്രിട്ടനിലെ നിക് ജെയിംസിനും ഇത്തരത്തിലൊരു ലോട്ടറിയാണ് അടിച്ചത്.

ഇംഗ്ലണ്ടിലെ ട്വിക്കൻഹാമിൽ താമസിക്കുന്ന നിക്ക് വീടിനടുത്തുള്ള ടെസ്‌കോ എക്സ്ട്രാ ഷോപ്പിൽ നിന്നും ആപ്പിൾ ഓർഡർ ചെയ്‌തു. ഓർഡർ തയ്യാറായി എന്ന സന്ദേശം വന്നപ്പോൾ ആപ്പിള്‍ വാങ്ങാന്‍ നിക് കടയിലെത്തി. ആപ്പിൾ നിറച്ച കവർ നിക്കിന് കൊടുത്തതോടൊപ്പം കവറിൽ ഒരു സർപ്രൈസ് ഉണ്ട് എന്ന് ജീവനക്കാരി പറഞ്ഞു. ഈസ്റ്ററിന്‍റെ സമയമായതുകൊണ്ട് ഈസ്റ്റർ എഗ്ഗ് ആയിരിക്കും എന്നാണ് നിക്ക് കരുതിയത്. വീട്ടിലെത്തി കവർ പരിശോധിച്ചപ്പോഴാണ് സര്‍പ്രൈസ് കണ്ട് നിക്കിന്‍റെ കണ്ണ് തള്ളിയത്. കാരണം കവറിനകത്ത് ഒരു ഐഫോൺ എസ്ഇയാണ് ഉണ്ടായിരുന്നത്.

ടെസ്‌കോ ഷോപ്പിന്‍റെ 'സൂപ്പർ സബ്സ്റ്റിറ്റ്യൂട്സ്' എന്ന ഓഫറിന്‍റെ ഭാഗമായാണ് നിക്കിന് ഐഫോൺ ലഭിച്ചത്. "ടെസ്‌കോയ്ക്കും ടെസ്‌കോ മൊബൈലിനും ഒരു വലിയ നന്ദി. ബുധനാഴ്ച വൈകുന്നേരം ഞങ്ങൾ ഓർഡർ ശേഖരിക്കാൻ പോയി. കവർ തുറന്നു നോക്കിയപ്പോൾ ഒരു ആപ്പിൾ ഐഫോൺ എസ്ഇ. സത്യം പറഞ്ഞാൽ ഞങ്ങൾ ആപ്പിളിന് ഓർഡർ നൽകി, പക്ഷെ കിട്ടിയത് ആപ്പിൾ ഐഫോൺ" നിക്കിന്‍റെ പിതാവ് ജെയിംസ് ട്വീറ്റ് ചെയ്തു. സൂപ്പർ സബ്സ്റ്റിറ്റ്യൂട്സിന്‍റെ ഭാഗമായി ഐഫോണ്‍ കൂടാതെ എയര്‍പോഡ്സ്, സാംസങ് ഫോണ്‍ തുടങ്ങിയ സമ്മാനങ്ങളും ടെസ്കോ നല്‍കുന്നുണ്ട്.

Tags:    

Editor - Jaisy Thomas

contributor

Similar News