തോറ്റതിന് പിന്നാലെ പ്രധാനമന്ത്രി കസേരയില്‍ കയറി ഇരുന്ന് നെതന്യാഹു, അബദ്ധം തിരിച്ചറിഞ്ഞ് മാറിയിരുന്നു; വീഡിയോ വൈറല്‍
ഇസ്രായേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമായതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് പാര്‍ട്ടികളുടെ സഖ്യം പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രി കസേര നഫ്താലി ബെന്നറ്റ് ഉറപ്പാക്കിയത്.
എന്നാല്‍ പുതിയ പ്രധാനമന്ത്രി അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഴയ പ്രധാനമന്ത്രി നെതന്യാഹുവിന് പാര്‍ലമെന്‍റില്‍ സംഭവിച്ച ഭീമന്‍ അബദ്ധമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നെതന്യാഹു പാര്‍ലമെന്‍റിലെ പ്രത്യേക പ്രധാനമന്ത്രി കസേരയില്‍ പോയി ഇരുന്നതാണ് ചിരി പടര്‍ത്തുന്ന ഒരു വീഡിയോ. തൊട്ടുടനെ തന്നെ അദ്ദേഹവുമായി അടുത്ത എം.പി അബദ്ധം ചൂണ്ടിക്കാട്ടുകയും നെതന്യാഹു കസേരയില്‍ നിന്നും മാറി പ്രതിപക്ഷ കസേരയില്‍ ഇരിക്കുകയുമായിരുന്നു.
കസേര മാറിയിരുന്നെങ്കിലും നെതന്യാഹുവിന് സംഭവിച്ച ഭീമന്‍ അബദ്ധത്തെ പരിഹസിച്ചും ട്രോളിയും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നിരിക്കുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ 'നെതന്യാഹുവിന്‍റെ രക്തത്തിലുള്ളതാണ് കയ്യേറ്റമെന്നും അത് പാര്‍ലമെന്‍റിലും ആവര്‍ത്തിച്ചു'-എന്നാണ് ഇന്‍സ്റ്റാഗ്രാമിലെ ഒരു പ്രതികരണം. 'കൈയ്യടക്കുന്നതില്‍ വിദഗ്ധനാണ് നെതന്യാഹുവെന്നും അത് തന്നെയാണ് പാര്‍ലമെന്‍റില്‍ കണ്ടതെന്നും' മറ്റൊരു വ്യക്തി പരിഹസിച്ചു. 'അവിടെയുള്ള എല്ലാവരും ഒരു സീറ്റ് മാത്രമല്ല മറ്റുള്ളവരുടെ പ്രദേശം തന്നെ കൈയ്യടക്കിയാണ് ഇരിക്കുന്നതെന്ന്' മറ്റൊരാള്‍ മറുപടി നല്‍കി. തന്‍റെ പരാജയം ഉള്‍കൊള്ളാന്‍ കഴിയാതെ ഇരുന്ന് പോയതാണെന്ന തരത്തിലും നിരവധി പേര്‍ നെതന്യാഹുവിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകള്‍ രേഖപ്പെടുത്തി.