ജറൂസലമിലേക്കുള്ള തീവ്ര സയണിസ്റ്റ് വിഭാഗത്തിന്‍റെ റാലിക്ക് അനുമതി; അതിക്രമം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ഹമാസ്

Update: 2021-06-15 04:28 GMT
Editor : ubaid | By : Web Desk
Advertising

ജറൂസലമിൽ തീവ്ര സയണിസ്റ്റ് വിഭാഗത്തിന് ഇന്ന് ഫ്ലാഗ് മാർച്ച് നടത്താൻ അനുമതി. പുതുതായി അധികാരം ഏറ്റെടുത്ത നാഫ്റ്റലി ബെനറ്റ് സർക്കാറാണ് അനുമതി നൽകിയത്. മുസ്ലിം കേന്ദ്രങ്ങളിലൂടെയുള്ള റാലി സുരക്ഷാ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്ക ശക്തമാണ്. പ്രകോപന നടപടിളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.

ജറൂസലമിലെ ശൈഖ് ജർറാഹിൽ നിന്ന് ഫലസ്തീൻ കുടുംബങ്ങളെ പുറന്തള്ളാനുള്ള നീക്കം സംഘർഷത്തിനിടയാക്കിയിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജെറൂസലമിലും വ്യാപക അസ്വാസ്ഥ്യത്തിനും ഇത് ഇടയാക്കി. തീവ്ര സയണിസ്റ്റ് വിഭാഗം കഴിഞ്ഞ ആഴ്ച നടത്താനിരുന്ന റാലി സുരക്ഷാ ഭീഷണി മുൻനിർത്തി മാറ്റി വെക്കുകയായിരുന്നു. ബെന്യമിൻ നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കി പുതുതായി അധികാരത്തിൽ വന്ന നാഫ്റ്റലി ബെനറ്റ് സർക്കാർ കൈക്കൊണ്ട ആദ്യ രാഷ്ട്രീയ തീരുമാനം കൂടിയാണ് റാലിക്ക് അനുമതി നൽകിയ നടപടി. ജറൂസലമിൽ അനധികൃത കുടിയേറ്റം തുടരണം എന്ന നിലപാടാണ് പുതിയ പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റ് ഉൾപ്പെടെയുള്ളവർക്ക്. അറബ് യൂനൈറ്റഡ് ലിസ്റ്റ് എന്ന നാലംഗ കക്ഷിയും കൂടി ചേർന്നതാണ് പുതിയ സർക്കാർ. റാലി സമാധാനപരമായി നടന്നില്ലെങ്കിൽ പുതിയ സർക്കാറിന്റെ ഭാവി തന്നെ തുലാസിലാകും.

അതിനിടെ, പ്രകോപനപരമായ നടപടികൾ ഉപേക്ഷിക്കണമെന്ന് ഫലസ്തീൻ നേതൃത്വവും യു.എൻ സെക്രട്ടറി ജനറലും ഇസ്രായേലിനോട് നിർദേശിച്ചു. ജറൂസലമിൽ അതിക്രമം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളായ ഹമാസും ഇസ്ലാമിക് ജിഹാദും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News