ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റും; മില്യൺ ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചു
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക.
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റ്. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക.
ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെന്‍ട്രേറ്ററുകൾ മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ റെഡ് ക്രോസ് ഈ തുക വിനിയോഗിക്കും. ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങളും റെഡ്ക്രോസ് മുഖേന ഇന്ത്യയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇനിയും ഏതെങ്കിലും രീതിയില്‍ പിന്തുണ ആവശ്യമാണെങ്കില്‍ അതു നല്‍കുമെന്നും ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എസ്, ജർമ്മനി, റഷ്യ, ഫ്രാൻസ്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ധാനം ചെയ്ത് രംഗത്തെത്തിയിരുന്നു.