ഖത്തർ റെഡ്​ക്രസൻറ്​ സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനത്തിന്​ നേരെ ഇസ്രായേല്‍ ആക്രമണം

ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായും പത്തോളം പേർക്ക് പരിക്കേറ്റതായും അൽ ജസീറ റിപ്പോർട്ട് ചെയുന്നു.

Update: 2021-05-18 09:29 GMT
Advertising

ഖത്തർ റെഡ്​ക്രസൻറ്​ സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനത്തിന്​ നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായും പത്തോളം പേർക്ക് പരിക്കേറ്റതായും അൽ ജസീറ റിപ്പോർട്ട് ചെയുന്നു. ഖത്തർ സർക്കാരിൻെറ കീഴിലുള്ള സന്നദ്ധസേവനവിഭാഗമാണ് റെഡ്​ക്രസൻറ്​ സൊസൈറ്റി. അനേകം ലോകരാജ്യങ്ങൾക്ക് വിവിധ സഹായങ്ങൾ എത്തിക്കുന്നതിന് ചുക്കാൻ പിടിക്കുന്ന സേവനവിഭാഗമായ റെഡ്​ക്രസൻറ്​ സൊസൈറ്റിയുടെ ഗാസ്സയിലെ ആസ്ഥാനമാണ് ഇസ്രായേൽ ഷെല്ലാക്രമണത്തിൽ തകർത്തത്.

ഇസ്രായേലിൻെറ തുടർച്ചയായ ആക്രമണം നേരിടുന്ന ഫലസ്​തീന്​ അടിയന്തര സഹായമായി ഒരു മില്യൻ ഡോളർ നൽകുമെന്ന്​ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഖത്തറിൽ ഫലസ്​തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വലിയ സംഗമവും നടന്നിരുന്നു. ഹമാസ്​ രാഷ്​ ട്രീയകാര്യതലവൻ ഡോ. ഇസ്​മായിൽ ഹനിയ്യ ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഐക്യദാർഢ്യ പ്രകടനത്തിനാണ് ഖത്തർ സാക്ഷ്യം വഹിച്ചത്. ഇതിന്​ പിന്നാലെയാണ് ഖത്തർ റെഡ്​ക്രസൻറ്​ സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനത്തിന്​ നേരെ ഇസ്രായേൽ ഷെല്ലാക്രമണം നടത്തിയിരിക്കുന്നത്.

ആക്രമണം നേരിടുന്ന ഫലസ്​തീൻ നിവാസികൾക്ക് മരുന്നുകളും മെഡിക്കൽ ഉൽപന്നങ്ങളും തുടങ്ങി മറ്റ് അടിയന്തര സഹായങ്ങളും ചെയ്തു പോരുന്ന സംഘടനയാണ് റെഡ്​ക്രസൻറ്​ സൊസൈറ്റി. ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യേതര വിഭവങ്ങൾ, ആക്രമണത്തിൽ നാശം സംഭവിച്ച വീടുകളുടെ അറ്റകുറ്റപണികൾ തുടങ്ങിയ ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് റെഡ്​ക്രസൻറ്​ സൊസൈറ്റി കഴിഞ്ഞ ദിവസം അടിയന്തര ധനസഹായം അനുവദിച്ചിരുന്നത്.

രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ആശുപത്രികളിലെയും വിവിധ മേഖലകളിലെയും സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനുമായി സൊസൈറ്റിയുടെ പ്രത്യേക സംഘം ഗസ്സയിലും പരിസര പ്രദേശങ്ങളിലും സന്ദർശനം നടത്തിയിരുന്നു. കോവിഡും നിലവിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളും സാഹചര്യങ്ങൾ മോശമാക്കിയിരിക്കുകയാണെന്നും ഖത്തർ റെഡ്ക്രസൻറ് വ്യക്തമാക്കിയിരുന്നു. ഫലസ്​തീൻ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി അടിയന്തര റിലീഫ് ക്യാമ്പയിൻ ആരംഭിക്കാനും റെഡ്ക്രസൻറ് പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ്​ സൊസൈറ്റിയുടെ ആസ്​ഥാനത്തിന്​ ​നേരെ ഇസ്രായേൽ ആക്രമണം ഉണ്ടായിരിക്കുന്നത്​.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News