ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രത്യേക പുരസ്കാരം

2020 മെയ് 25ന് ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പതിനേഴ് വയസ്സ് പ്രായമുള്ള സമയത്താണ് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ അപ്രതീക്ഷിതമായി ചിത്രീകരിക്കുന്നത്

Update: 2021-06-12 07:50 GMT
Editor : ijas
Advertising

വര്‍ണവെറിക്ക് ഇരയായി കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്. ഡാര്‍നല്ല ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ലോകമാകെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയായത്.

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാണിച്ച ധീരതക്കാണ് ഡാര്‍നല്ല പുരസ്കാരത്തിനര്‍ഹയായത്. പൊലീസ് അതിക്രമത്തിനെതിരായി ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ഡാര്‍നല്ലയുടെ ദൃശ്യങ്ങള്‍ വഴിവെച്ചെന്നും സത്യത്തിനും നീതിക്കും വേണ്ടിയുള്ള മാധ്യമപ്രവർത്തകരുടെ അന്വേഷണത്തിൽ പൗരന്മാരുടെ നിർണായക പങ്ക് എടുത്തുകാണിക്കുന്നതാണ് ജോര്‍ജ് ഫ്ലോയ്ഡ് സംഭവമെന്നും പുലിറ്റ്സര്‍ പ്രൈസ് ജുറി വിലയിരുത്തി. അതെ സമയം പുരസ്കാരം ലഭിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് ഡാര്‍നല്ല ഫ്രേസിയറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ചാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ലോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് അമര്‍ത്തി കൊല്ലുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഡെറക് ചൗവിനെയും മറ്റ് മൂന്ന് പേരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ടൗ താവോ, ജെ അലക്‌സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കോടതി ചൗവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

2020 മെയ് 25ന് ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പതിനേഴ് വയസ്സ് പ്രായമുള്ള സമയത്താണ് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ അപ്രതീക്ഷിതമായി ചിത്രീകരിക്കുന്നത്. വീടിനടുത്ത പലചരക്കുകടയിലേക്ക് ഒമ്പതുവയസ്സുള്ള കുഞ്ഞുസഹോദരി(കസിന്‍)യുടെ കൂടെ ലഘുഭക്ഷണം വാങ്ങാനായി പോകവെ തൊട്ടടുത്തുള്ള നടപ്പാതയിലേക്ക്‌ ജീവനുവേണ്ടി യാചിക്കുന്ന ഒരു മനുഷ്യനെ വലിച്ചിഴക്കുന്നത് കാണുകയായിരുന്നെന്നും ഈ ഭീകര ദൃശ്യങ്ങള്‍ കുഞ്ഞു സഹോദരി കാണാതിരിക്കാന്‍ വേണ്ടി കടക്കകത്തേക്ക് അവളെ മാറ്റി പിന്നീട് ആ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നെന്നുമാണ് ഡാര്‍നല്ല കോടതിയില്‍ പറഞ്ഞത്. 

'ആ ചെയ്തത് ശരിയല്ല, അദ്ദേഹം വേദന അനുഭവിക്കുകയായിരുന്നു'; എന്നാണ് വീഡിയോ ചിത്രീകരിച്ചതിന് പിന്നിലെ കാരണമായി ഡാര്‍നല്ല വ്യക്തമാക്കിയത്. തനിക്ക് ശ്വസിക്കാന്‍ സാധിക്കുന്നില്ല എന്ന് ജോര്‍ജ് ഫ്ലോയ്ഡ് തുടര്‍ച്ചയായി പറയുന്നത് ഡാര്‍നല്ല ചിത്രീകരിച്ച ഒമ്പത് മിനുറ്റ് 29 സെക്കന്‍റ് വീഡിയോയില്‍ വ്യക്തമായി തന്നെ പറയുന്നുണ്ടായിരുന്നു. വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അമേരിക്കയില്‍ പ്രതിഷേധം ആരംഭിക്കുന്നതും പിന്നീട് ലോകമാകെ പടരുന്നതും.

ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദ സ്റ്റാര്‍ ട്രിബ്യൂണാണ് ബ്രേക്കിംഗ് ന്യൂസ് വിഭാഗത്തില്‍ ഇത്തവണ പുലിറ്റ്‌സര്‍ നേടിയത്.

Tags:    

Editor - ijas

contributor

Similar News