'ഇത് വംശഹത്യ'; ഫലസ്തീനെ പിന്തുണച്ച് യു.കെയിലും ജര്‍മനിയിലും ഫ്രാന്‍സിലും തെരുവിലിറങ്ങി ആയിരങ്ങള്‍

Update: 2021-05-16 01:43 GMT
Advertising

ഗസ്സയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം ആറ് നാള്‍ പിന്നിടവേ ആക്രമണത്തെ അപലപിച്ചും ഫലസ്തീനെ പിന്തുണച്ചും വിവിധ രാജ്യങ്ങളിലെ ആയിരങ്ങള്‍ തെരുവിലിറങ്ങി. 41 കുട്ടികള്‍ ഉള്‍പ്പെടെ 145 ഫലസ്തീനികളാണ് ആറ് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. യു.കെയിലും ഫ്രാന്‍സിലും ജര്‍മനിയിലും ഖത്തറിലും ഇറാഖിലുമെല്ലാം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടന്നു.


മാഡ്രിഡിലെ പ്രതിഷേധത്തില്‍ നിന്നും..

'ഇത് യുദ്ധമല്ല, വംശഹത്യയാണ്' എന്ന മുദ്രാവാക്യവുമായാണ് സ്പെയിനിലെ മാഡ്രിഡില്‍ 2500ഓളം പേര്‍ തെരുവിലിറങ്ങിയത്. ഫലസ്തീന്‍ പതാകയുമേന്തിയായിരുന്നു പ്രതിഷേധം. 'ഞങ്ങളെ അവര്‍ കൂട്ടക്കൊല ചെയ്യുകയാണ്' എന്നാണ് റാലിയില്‍ പങ്കെടുത്ത ഫലസ്തീന്‍ വംശജ അമീറ ശെയ്ഖ് അലി പറഞ്ഞത്.

'ഗസ്സയിലെ ബോംബ് വര്‍ഷം അവസാനിപ്പിക്കുക', 'ഫലസ്തീനെ മോചിപ്പിക്കുക' തുടങ്ങിയ പ്ലകാര്‍ഡുകളുമേന്തിയാണ് ലണ്ടനില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. കെന്‍സിങ്ടണ്‍ ഹൈ സ്ട്രീറ്റിലെ ഇസ്രായേലി എംബസിയിലേക്കായിരുന്നു മാര്‍ച്ച്. ഒരു ലക്ഷം പേര്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്നാണ് സംഘാടകര്‍ പറഞ്ഞത്.


ലണ്ടനിലെ ഇസ്രായേല്‍ എംബസിയിലേക്ക് മാര്‍ച്ച്

ഫ്രാന്‍സില്‍ പാരീസിന്റെ വടക്ക് ബാർബ്സ് പരിസരത്ത് നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. 4,200ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. റാലി പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പ്രതിഷേധക്കാര്‍ തിരിച്ച് കല്ലെറിഞ്ഞു.

ഇറാഖില്‍ ബാഗ്ദാദ് ഉള്‍പ്പെടെ അഞ്ച് പ്രവിശ്യകളിലാണ് ഫലസ്തീന്‍ അനുകൂല സംഗമങ്ങള്‍ നടന്നത്. റാലികളില്‍ ഫലസ്തീന്‍ പതാക വീശി. ഇസ്രായേല്‍ - ലെബനണ്‍ അതിര്‍ത്തിയിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടന്നു.


ബെര്‍ലിനിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ നിന്നും..

ജര്‍മനിയില്‍ ബെര്‍ലിനിലും മറ്റ് ചില നഗരങ്ങളിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടന്നു. 'ഇസ്രായേലിനെ ബഹിഷ്കരിക്കുക' എന്ന ആഹ്വാനവുമായി നടന്ന പ്രതിഷേം ചിലയിടങ്ങളില്‍ അക്രമാസക്തമായി. പൊലീസിനെ നേരെ കല്ലേറുണ്ടായതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

ഖത്തറിലെ ദോഹയില്‍ നടന്നത് കൂറ്റന്‍ ഐക്യദാര്‍ഢ്യ സംഗമമാണ്. ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ നടന്ന സംഗമത്തില്‍ സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ഫലസ്തീന്‍റെയും ഖത്തറിന്‍റെയും പതാകകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനിയ്യ വേദിയിലെത്തി. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും ഫലസ്തീനി ജനത മുട്ടുമടക്കില്ലെന്നും ഹനിയ പറഞ്ഞു. അറബ് ലീഗ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയും സ്വന്തം നിലയ്ക്കും ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹായത്തിനും ഇസ്മയില്‍ ഹനിയ നന്ദി അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News