ജി 7 ഉച്ചകോടി; ലണ്ടനിൽ ഫലസ്തീൻ അനുകൂലികളുടെ കൂറ്റൻ റാലി

Update: 2021-06-13 10:31 GMT
Advertising

തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ജി 7 ഉച്ചകോടി തുടരവേ ലണ്ടനിൽ ഫലസ്തീൻ അനുകൂലികളുടെ കൂറ്റൻ റാലി. "ജി 7 ചെറുക്കുക : അന്താരാഷ്ട്ര നീതിക്കായുള്ള ദിനം"എന്ന തലക്കെട്ടിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലേക്കായിരുന്നു റാലി. ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ റാലിയിൽ മുദ്രാവാക്യങ്ങൾ ഉയർന്നു. ഇംഗ്ലണ്ട് ഉൾപ്പെടയുള്ള ജി 7 രാജ്യങ്ങൾ ഇസ്രായേൽ നടത്തുന്ന കിരാത നടപടികളോട് മൗനം പാലിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

മുൻ ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ റാലിയിൽ പങ്കെടുക്കുകയും പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്തു. "ഇന്നത്തെ ഫലസ്തീൻ ജനതക്ക് നീതിക്കായുള്ള റാലിയിൽ ആയുധ വ്യാപാരം അവസാനിപ്പിക്കാൻ ഞാൻ ആവശ്യപ്പെട്ടു. " കോർബിൻ ട്വിറ്ററിൽ കുറിച്ചു. യു.കെ നിർമിത ആയുധങ്ങൾ കുട്ടികളുൾപ്പെടയുള്ള സാധാരണക്കാരെ കൊല്ലുകയാണ്. ഇതവസാനിപ്പിക്കണം" - അദ്ദേഹം കുറിച്ചു.

"അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണം. ഫലസ്തീനിലെ സൈനിക നീക്കത്തെ കുറിച്ച്, ഗസ്സയിലെ ഉപരോധത്തെ കുറിച്ച് ഈ നേതാക്കൾ സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ കുറ്റകൃത്യത്തിൽ അവരുടെ പങ്ക് അവസാനിപ്പിക്കണം. ഇസ്രയേലുമായുള്ള ആയുധ കരാറുകൾ അവസാനിപ്പിക്കണം. ' - മുസ്‌ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ നേതാവ് റഖാദ് അൽ തക്‌രീതി പറഞ്ഞു. കഴിഞ്ഞ മാസം ഇസ്രായേൽ ഗസ്സയിൽ നടത്തിയ പതിനൊന്ന് ദിവസം നീണ്ടുനിന്ന ആക്രമങ്ങളിൽ 66 കുട്ടികളുൾപ്പെടെ 253 ഫലസ്തീനികൾ കൊല്ലപ്പെടുകയുണ്ടായി.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News