'ഇസ്രായേൽ ഭീകര രാഷ്ട്രം' കടുത്ത വിമർശനവുമായി ഉർദുഗാൻ
വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് അൽ അഖ്സ പള്ളിയിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സുരക്ഷാ സേന ആക്രമണം നടത്തിയത്.
മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ നടത്തിയ അക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തുർക്കി ഭരണാധികാരി ഉർദുഗാൻ. ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്നും നിഷ്കരുണം അവർ മുസ്‌ലിങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും റജബ് ത്വയ്യിബ് ഉർദുഗാൻ തുറന്നടിച്ചു.
വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് അൽ അഖ്സ പള്ളിയിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സുരക്ഷാ സേന ആക്രമണം നടത്തിയത്. മസ്ജിദ് കോമ്പൗണ്ടിലേക്ക് ഇരച്ചു കയറിയ ഉദ്യോഗസ്ഥര്‍ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് പള്ളിയുടെ മേല്‍നോട്ട ചുമതലയുള്ള ഏജന്‍സി അറിയിച്ചു. പള്ളി അങ്കണത്തിലെ പൊലീസ് സ്റ്റേഷന് തീവെച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഇസ്താംബുളിൽ വെച്ച് നടന്ന പരിപാടിക്കിടെയാണ് ഉർദുഗാൻ ഇസ്രായേലിനെതിരെ തുറന്നടിച്ചത്. എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഇസ്രായേലിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു, മൗനം പാലിക്കുന്നവർ അവർ ചെയ്യുന്ന ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.
അതേസമയം വിശ്വാസികൾക്കു നേരെ ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നു. കിഴക്കൻ ജറൂസലേമിലെ നിർബന്ധിത കുടിയൊഴിപ്പിക്കൽ നിർത്തണമെന്നും നിലവിലെ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരുമെന്നും യു.എൻ വക്താവ് റൂപർട്ട് കോൽവിലെ കഴിഞ്ഞ ദിവസം അറിയിച്ചു .