ഗസ്സ കൂട്ടക്കുരുതിയില്‍ വെടിനിർത്തൽ ആഹ്വാനമില്ല: രക്ഷാസമിതി യോഗവും അമേരിക്ക അട്ടിമറിച്ചു
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകണമെന്ന് ചൈന. ഹമാസിനെതിരായ ഇസ്രായേൽ നടപടിയിൽ അപാകതയില്ലെന്ന് അമേരിക്ക
ഗസ്സയിൽ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം പരാജയപ്പെട്ടു. അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ ചൈനയും മറ്റും നടത്തിയ നീക്കം തകർന്നത് അമേരിക്കയുടെ എതിർപ്പിനെ തുടർന്നാണ്. ഹമാസിനെതിരെ ഇസ്രായേൽ കൈക്കൊണ്ട സൈനിക നടപടിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക പ്രശ്നപരിഹാരത്തിന് പുറത്ത് നടക്കുന്ന നയതന്ത്ര നീക്കം പര്യാപ്തമാണെന്നും വാദിച്ചു.
ഗസ്സ ആക്രമണ വിഷയത്തിൽ രണ്ടു തവണ രക്ഷാസമിതി മാറ്റിവെപ്പിക്കുന്നതിൽ വിജയിച്ച അമേരിക്ക ഇന്നലെ ചേർന്ന അടിയന്തര യോഗം അട്ടിമറിക്കാനും മുന്നിലുണ്ടായിരുന്നു. ഗസ്സയിലെ രൂക്ഷമായ സ്ഥിതിഗതികൾ മുൻനിർത്തി അടിയന്തര വെടിനിർത്തൽ ആഹ്വാനം രക്ഷാസമിതി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയാണ് തകർന്നത്. ഗസ്സ ആക്രമണത്തെ കുറിച്ച് മൗനം പാലിച്ച യു.എസ് പ്രതിനിധി, ഹമാസിന്‍റെ റോക്കറ്റ് ആക്രമണം സിവിലിയൻ സമൂഹത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്താൻ മറന്നില്ല. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും ഏറെക്കുറെ സമാന നിലപാടാണ് രക്ഷാസമിതി യോഗത്തിൽ സ്വീകരിച്ചത്.
എന്നാൽ ആക്രമണം ഉടനടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാക്കാൻ ചൈന, തുനീഷ്യ, നോർവെ എന്നീ രാജ്യങ്ങൾ പരമാവധി നയതന്ത്രനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. വെടിനിർത്തലിനൊപ്പം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രനീക്കവും ശക്തിപ്പെടുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാക്കാനായിരുന്നു ഇവരുടെ നീക്കം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകണമെന്ന ആവശ്യവും ചൈന രക്ഷാസമിതിക്കു മുമ്പാകെ ശക്തമായി ഉന്നയിച്ചു.
ഇസ്രായേലിനൊപ്പം സ്വതന്ത്ര രാഷ്ട്ര പദവി ഫലസ്തീനും വേണമെന്ന പ്രഖ്യാപിത നിലപാടാണ് യോഗത്തിൽ ഇന്ത്യ അവതരിപ്പിച്ചത്. രക്ഷാസമിതിയുടെ നിസ്സംഗത ഇസ്രായേലിന് ക്രൂരതകൾ തുടരാൻ പ്രേരണയാകുമെന്ന് ഇറാൻ കുറ്റപ്പെടുത്തി. അറബ്, മുസ്‍ലിം കൂട്ടായ്മകളും രക്ഷാസമിതിയുടെ നിസ്സംഗ നിലപാടിനെ രൂക്ഷമായി വിമർശിച്ചു.