ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അതിവ്യാപനശേഷി; വെല്ലുവിളിയായി കൊറോണ വൈറസിന്‍റെ പുതിയ വകഭേദം

ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കൊറോണ വൈറസിന്‍റെ സങ്കര ഇനം

Update: 2021-05-30 01:39 GMT
Advertising

ഇതുവരെ കണ്ടെത്തിയതിലും അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദത്തെ വിയറ്റ്നാമിൽ കണ്ടെത്തി. ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കൊറോണ വൈറസിന്‍റെ സങ്കര ഇനമാണിത്. മുന്‍പ് കണ്ടെത്തിയ കൊറോണ വൈറസിനേക്കാൾ വായുവിലൂടെ അതിവേഗം വ്യാപിക്കാൻ ശേഷിയുള്ളതാണ് പുതിയ വൈറസെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ന്യൂയെൻ തന ലോങ് പറഞ്ഞു. ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിന്റെ സ്വഭാവ സവിശേഷതകൾ പുതിയ വൈറസിനുണ്ട്.

കോവിഡ് ഒന്നാം തരംഗത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞ വിയറ്റ്നാമില്‍ ഏപ്രില്‍ അവസാനത്തോടെയാണ് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചത്. ഏഴ് വൈറസ് വകഭേദങ്ങളാണ് ഇതുവരെ വിയറ്റ്നാമില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ഏറ്റവും അതിവ്യാപന ശേഷിയുള്ളതാണ് പുതുതായി കണ്ടെത്തിയ വകഭേദമെന്നാണ് വിയറ്റ്നാം ആരോഗ്യമന്ത്രി പറയുന്നത്.

വിയറ്റ്നാമില്‍ പുതുതായി കണ്ടെത്തിയ വൈറസ് വകഭേദത്തെ കുറിച്ച് പഠിച്ചുവരുന്നതേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡിനെ കുറിച്ച് പഠിക്കുന്ന ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പ്രതികരിച്ചു.

ഇതുവരെ 6856 പേര്‍ക്കാണ് വിയറ്റ്നാമില്‍ കോവിഡ് ബാധിച്ചത്. 47 മരണം സ്ഥിരീകരിച്ചു. പരമാവധി എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി കോവിഡിനെ പിടിച്ചുകെട്ടാനാണ് വിയറ്റ്നാമിന്‍റെ ശ്രമം.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News