വാട്ട്‌സ്ആപ്പ് സ്വകാര്യത നയത്തില്‍ സമയ പരിധി മെയ് 15 അവസാനിക്കും; അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമോ?
പുതിയ സ്വകാര്യതാ നയം സ്വീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാക്കില്ലെന്ന് വാട്ട്സ്‍ആപ്പ് അറിയിച്ചു. വാട്ട്സ്‍ആപ്പിന്റെ സ്വകാര്യനയം നിർബന്ധമായും അംഗീക്കരിക്കണമെന്നത് വൻ വിവാദത്തിനും ലോകമെമ്പാടും ജനങ്ങള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനും കാരണമായിരുന്നു. ആദ്യം ഫെബ്രുവരി ആദ്യ വാരം തന്നെ നയം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട വാട്ട്സ്ആപ്പ് പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് അത് മെയ് 15 ലേക്ക് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് സമയപരിധി പൂര്‍ണമായും ഒഴിവാക്കിയതായി വാട്ട്സ്ആപ്പ് അധികൃതര്‍ അറിയിച്ചു.
മേയ് 15 നുള്ളില്‍ ഒരു അക്കൗണ്ടും ഇല്ലാതാക്കില്ല. ആരുടേയും വാട്സാപ്പിന്റെ ഉപയോഗം തടസപ്പെടുത്തില്ല. വരുന്ന ആഴ്ചകളിലും മുന്നറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കും. പുതിയ സ്വകാര്യതാ നയം ഭൂരിഭാഗം പേരും സ്വീകരിച്ചു കഴിഞ്ഞു. ചിലര്‍ക്ക് സാങ്കേതികമായി സ്വീകരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
ജനുവരി മാസം ആദ്യമാണ് ഫേസ്ബുക്കിന്റെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുമായുള്ള സ്വകാര്യ നയം പുതുക്കിയത്. ഫ്രെബ്രുവരി എട്ടിന് മുമ്പ് ഈ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നായിരുന്നു ആദ്യം വാട്സ്ആപ്പ് അറിയിച്ചിരുന്നത്. നയങ്ങളിൽ രണ്ട് തവണ വിശദീകരണവുമായി വന്നെങ്കിൽ അവയൊന്നും തങ്ങളുടെ ഉപഭോക്താക്കളുടെ പ്രതിഷേധത്തെ തണുപ്പിക്കാന്‍ സാധിച്ചില്ല.