ദുബൈയിൽ സൂപ്പർ കിങ്‌സ് ഗാഥ! ചെന്നൈക്ക് നാലാം ഐപിഎൽ കിരീടം
ചെന്നൈ നിരയില്‍ ബാറ്റെടുത്തവരെല്ലാം 'വെളിച്ചപ്പാടായ' ദിനം 193 റൺസ് വിജയലക്ഷ്യമാണ് കൊൽക്കത്തയ്ക്ക് മുൻപിലുണ്ടായിരുന്നത്. വലിയ ടോട്ടൽ ലക്ഷ്യംവച്ചിറങ്ങിയ കൊൽക്കത്തയ്ക്കുപക്ഷെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രമാണ് നേടാനായത്
തകർന്നടിഞ്ഞ മണ്ണിൽ തന്നെ വിസ്മയകരമായ ഉയിർത്തെഴുന്നേൽപ്പ്. എഴുതിത്തള്ളിയവരുടെയെല്ലാം വായടപ്പിച്ച് അറേബ്യൻ മണ്ണിൽ ചെന്നൈ പടയോട്ടം. ആരാധകരുടെ മനസുനിറച്ച് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചുവരവും കണ്ട ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പിന്‍റെ കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി ചെന്നൈക്ക് നാലാം കിരീടധാരണം. ബാറ്റെടുത്തവരെല്ലാം 'വെളിച്ചപ്പാടായ' മത്സരത്തിൽ 193 റൺസ് വിജയലക്ഷ്യമാണ് ചെന്നൈ കൊൽക്കത്തയ്ക്ക് മുൻപിൽ ഉയർത്തിയത്. എന്നാൽ, വലിയ ടോട്ടൽ മുന്നിൽകണ്ടിറങ്ങിയ കൊൽക്കത്തയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രമാണ് എടുക്കാനായത്. ചെന്നൈക്ക് 27 റൺസിന്റെ മികച്ച ജയം.
കിരീടം മാത്രം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വെങ്കിടേഷ് അയ്യരും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിലടക്കം ചെന്നൈ ബൗളർമാരെ ഒരു കൂസലുമില്ലാതെ ഗാലറിയിലേക്ക് പറത്തുകയായിരുന്നു അയ്യർ. ഇടയ്ക്ക് ജോഷ് ഹേസൽവുഡിന്റെ പന്തിൽ അയ്യർ നൽകിയ അനായാസ അവസരം നായകൻ ധോണി തന്നെ കൈവിട്ടു. ആ ക്യാച്ചിന് ഒരു കിരീടം തന്നെ വിലനൽകേണ്ടിവരുമോ എന്നു ഭയന്ന ഘട്ടത്തിലാണ് പതിവുപോലെ ബ്രേക്ക്ത്രൂവുമായി ഷർദുൽ താക്കൂറെത്തിയത്. അയ്യർ ഉയർത്തിയടിച്ച പന്ത് മികച്ചൊരു ക്യാച്ചിലൂടെ രവീന്ദ്ര ജഡേജ കൈയിലൊതുക്കി. പുറത്താകുമ്പോൽ 32 പന്തിൽ അഞ്ചു ബൗണ്ടറിലും മൂന്നു സിക്‌സും സഹിതം 50 റൺസാണ് താരം അടിച്ചെടുത്തിരുന്നത്.
അടുത്ത പന്തിൽ തന്നെ മൂന്നാമനായി വന്ന നിതീഷ് റാണയെ ഡുപ്ലെസിയുടെ കൈയിലെത്തിച്ച് താക്കൂർ കളിയുടെ ഗതി തന്നെ മാറ്റി. തൊട്ടടുത്ത ഓവറിൽ അപകടകാരിയായ സുനിൻ നരൈനെ ഹേസൽവുഡ് ബൗണ്ടറിലൈനിൽ ജഡേജയുടെ കൈയിലെത്തിച്ചു. ജഡേജയുടെ മറ്റൊരു മികച്ച ക്യാച്ച്! ഇതിനിടയിൽ അർധസെഞ്ച്വറി കടന്ന ഓപണർ ഗില്ലിനെ പിന്നാലെ ദീപക് ചഹാറും വിക്കറ്റിനു മുന്നിൽകുരുക്കി.
പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. ജയത്തിനു വേണ്ട റൺറേറ്റ് കുത്തനെ ഉയർന്നുകൊണ്ടിരുന്നതോടെ തകർത്തടിക്കൽ മാത്രമായിരുന്നു ദിനേശ് കാർത്തിക്കിനും നായകൻ മോർഗനും മുന്നിലുണ്ടായിരുന്നത്. ആ സാഹസം ഏറ്റെടുത്ത കാർത്തിക്കിനെ ജഡേജ റായുഡുവിന്റെ കൈയിലെത്തിച്ചു. ഇതേ ഓവറിൽ തന്നെ ഷക്കീബ് അൽഹസനെ ജഡേജ വിക്കറ്റിനു മുന്നിൽകുരുക്കുകയും ചെയ്തു.
ഫീൽഡിങ്ങിനിടെ പരിക്കേറ്റ രാഹുൽ തൃപാഠിക്കും അധികം ആയുസുണ്ടായില്ല. താക്കൂറിന് മൂന്നാം വിക്കറ്റ് നൽകി തൃപാഠി പുറത്ത്. പിന്നീട് ഒന്നിച്ച വാലറ്റക്കാരായ ശിവം മാവിയും ലോക്കി ഫെർഗൂസനുമാണ് കൊൽക്കത്തയെ വലിയൊരു തോൽവിയിൽനിന്ന് രക്ഷിച്ചത്. ഓപണർമാർക്ക് ശേഷം മാവിയും(19) ഫെർഗൂസനും(16) മാത്രമാണ് കൊൽക്കത്ത നിരയിൽ രണ്ടക്കം കടന്നത്.
ചെന്നൈ ബൗളർമാരിൽ നാല് ഓവറിൽ 38 റൺസ് വിട്ടുകൊടുത്ത് താക്കൂർ മൂന്ന് വിക്കറ്റെടുത്തു. ഹേസൽവുഡും ജഡേജയും രണ്ടു വിക്കറ്റ് വീതവും ചഹാർ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് ലഭിച്ച കൊല്‍ക്കത്ത നായകന്‍ ഒായിന്‍ മോര്‍ഗന്‍ ചെന്നൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എന്നാല്‍, ചെന്നൈനിരയില്‍ ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ് കണ്ടത്. ഓപ്പണർമാരായ ഗെയ്ക്വാദും ഡുപ്ലെസിയും മികച്ച തുടക്കം നൽകിയപ്പോൾ പിന്നാലെ വന്ന റോബിൻ ഉത്തപ്പയും മുഈൻ അലിയും ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്തു. 86 റൺസോടെ മുന്നിൽ നിന്നു നയിച്ച ഡുപ്ലസിയാണ് ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായത്. ഋതുരാജ് ഗെയ്ക്വാദ് 27 പന്തിൽ 32 റൺസ് നേടിയപ്പോൾ മൂന്നാമനായെത്തിയ ഉത്തപ്പ 15 പന്തിൽ മൂന്ന് പടുകൂറ്റൻ സിക്‌സർ ഉൾപ്പടെ 31 റൺസ് നേടി.
59 പന്തിൽ ഏഴ് ബൌണ്ടറിയും മൂന്ന് സിക്‌സറുമുൾപ്പടെയാണ് ഡുപ്ലെസി 86 റൺസ് നേടിയത്. ഉത്തപ്പയുടെ വിക്കറ്റ് വീണ ശേഷം ക്രീസിലെത്തിയ മുഈൻ അലിയും ബാറ്റിങ് ഗ്രൌണ്ടിൽ ബാറ്റിങ് വെടിക്കെട്ട് തീർത്തു. 20 പന്തിൽ രണ്ട് ബൌണ്ടറിയും മൂന്ന് സിക്‌സറുമുൾപ്പടെ 37 റൺസാണ് മുഈൻ അലി അടിച്ചുകൂട്ടിയത്. കൊൽക്കത്തയ്ക്കായി സുനിൽ നരൈൻ രണ്ട് വിക്കറ്റും ശിവം മാവി ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിങ്‌സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങിയത്.
അതേസമയം, ഐ.പി.എൽ പതിനാലാം സീസണിലെ റൺവേട്ടക്കാരൻറെ ക്യാപ് ചെന്നൈ സൂപ്പർകിങ്‌സ് താരം ഋതുരാജ് ഗെയ്ക്വാദ് സ്വന്തമാക്കി. പഞ്ചാബിൻറെ കെ.എൽ രാഹുലിനെ മറികടന്നാണ് ഗെയ്ക്വാദ് ഓറഞ്ച് ക്യാപും റെക്കോർഡ് നേട്ടവും സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. 635 റൺസാണ് ഗെയ്ക്വാദിൻറെ ഈ സീസണിലെ റൺനേട്ടം.
പഞ്ചാബ് നായകൻ കെ.എൽ രാഹുലിനേക്കാൾ 23 റൺസ് മാത്രം പിന്നിലായിരുന്നു ഫൈനൽ മത്സരത്തിന് മുമ്പ് ഗെയ്ക്വാദ്. പഞ്ചാബ് നേരത്തെ പുറത്തായതുകൊണ്ട് തന്നെ ഗെയ്ക്വാദ് ഓറഞ്ച് ക്യാപ് നേടുമെന്ന് തന്നെയായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലസിയും ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ അവസാന നിമിഷം വരെ സാധ്യതയുണർത്തി. മത്സരം തുടങ്ങുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലെസി കിടിലൻ ഇന്നിങ്‌സിലൂടെ 86 റൺസ് നേടി. ഇതോടെ ഡുപ്ലസിയുടെ ആകെ റൺ നേട്ടം 631 ആയി. ഓറഞ്ച് ക്യാപ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലസി ഫൈനൽ കഴിഞ്ഞപ്പോൾ അതോടെ രണ്ടാം സ്ഥാനത്തായി. 635 റൺസോടെയാണ് ഗെയ്ക്വാദ് ക്യാപ് സ്വന്തമാക്കിയത്