ഒരേയൊരു കോടി; അടിസ്ഥാന വിലയ്ക്ക് രഹാനെയെ സ്വന്തമാക്കി കൊൽക്കത്ത
ഇന്ത്യക്കായി 2016 ഓഗസ്റ്റിന് ശേഷം ടി20 യും 2018 ഫെബ്രുവരിക്ക് ശേഷം ഏകദിനവും കളിക്കാത്ത താരമാണ് രഹാനെ
മുംബൈ: ഐപിഎൽ താരലേലത്തിൽ മുൻ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ കൊൽക്കത്ത നൈറ്റ റൈഡേഴ്‌സിലേക്ക്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് താരത്തെ ഷാറൂഖ് ഖാന്റെ ടീം വിളിച്ചെടുത്തത്. മറ്റു ടീമുകൾ രഹാനെയിൽ താത്പര്യം പ്രകടിപ്പില്ല.
ശ്രേയസ് അയ്യർ (12.25 കോടി), പാറ്റ് കമ്മിൻസ് (7.25 കോടി), നിതീഷ് റാണ (8 കോടി) എന്നിവരെയാണ് കൊൽക്കത്ത ലേലത്തിന്റെ ആദ്യദിനത്തിൽ വിളിച്ചെടുത്തിരുന്നത്.
ഇന്ത്യക്കായി 2016 ഓഗസ്റ്റിന് ശേഷം ടി20 യും 2018 ഫെബ്രുവരിക്ക് ശേഷം ഏകദിനവും കളിക്കാത്ത താരമാണ് രഹാനെ. തന്നെ ഒരു ടെസ്റ്റ്് ക്രിക്കറാക്കി മാത്രം കരുതരുത് എന്നും ടി20യിലും തന്റെ പ്രകടനം മികച്ചതാണ് എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആദ്യ ദിനത്തിൽ 97 കളിക്കാരാണ് ലേലത്തിനുണ്ടായിരുന്നത്. മുംബൈ സ്വന്തമാക്കിയ ഇഷാൻ കിഷൻ (15 കോടി), ചെന്നൈ വിളിച്ചെടുത്ത ദീപക് ചഹാർ (14 കോടി) എന്നിവർക്കാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. ആദ്യ ദിനത്തിൽ പട്ടികയിലുണ്ടായിരുന്ന ഡേവിഡ് മില്ലർ, സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസൻ, മുഹമ്മദ് നബി, മാത്യു വെയ്ഡ്, സാം ബില്ലിങ്, ഉമേഷ് യാദവ്, ഇംറാൻ താഹിർ, അമിത് മിശ്ര തുടങ്ങിയ പ്രമുഖരെ ആരും വിളിച്ചെടുക്കാതിരുന്നതും ശ്രദ്ധേയമായി.