ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി; മുംബൈക്കെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
നിശ്ചിത 20 ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. അമ്പാട്ടി റായിഡു, മോയിന്‍ അലി, ഫാഫ് ഡു പ്ലെസി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിലാണ് ചെന്നൈ കൂറ്റന്‍ സ്കോര്‍ കുറിച്ചത്
ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ മത്സരത്തില്‍ മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത 20 ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. അമ്പാട്ടി റായിഡു, മോയിന്‍ അലി, ഫാഫ് ഡു പ്ലെസി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിലാണ് ചെന്നൈ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. ഗെയ്ക്വാദിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഫാഫ് ഡു പ്ലെസിയും മോയിന്‍ അലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈയുടെ ബൗളര്‍മാര്‍ തലയില്‍ കൈവെക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 108 റണ്‍സാണ് അടിച്ചുകൂട്ടിയത്. 36 പന്തില്‍ 58 റണ്‍സ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംറയാണ് കൂട്ടുകെട്ട് പിരിച്ചത്.
കീറണ്‍ പൊള്ളാര്‍ഡിനെ രോഹിത് പന്ത് ഏല്‍പ്പിച്ചതോടെ അടുത്തടുത്ത പന്തുകളില്‍ ഫാഫ് ഡു പ്ലെസിയെയും സുരേഷ് റെയ്നയെയും ചെന്നൈയ്ക്ക് നഷ്ടമായി. ഡുപ്ലസി 28 പന്തില്‍ 50 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്. ഡുപ്ലസിയുടെ വക നാലും മോയിന്‍ അലിയുടെ വക അഞ്ചും സിക്സറുകളാണ് ചെന്നൈ ഇന്നിങ്സില്‍ പിറന്നത്. തുടരെ വിക്കറ്റുകള്‍ വീണതോടെ 112/1 എന്ന നിലയില്‍ നിന്ന് 116/4 എന്ന നിലയിലേക്ക് വീണ ചെന്നൈയെ അവസാന ഓവറുകളില്‍ അമ്പാട്ടി റായിഡുവിന്‍റെ തീപ്പൊരി പ്രകടനമാണ് 200 കടത്തിയത്. 20 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം തികച്ച അമ്പാട്ടി റായിഡു കളി അവസാനിക്കുമ്പോള്‍ 27 പന്തില്‍ ഏഴ് സിക്സറും നാല് ബൌണ്ടറിയും ഉള്‍പ്പടെ 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഈ സീസണിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് റായിഡു പുറത്തെടുത്തത്. 49 പന്തില്‍ 102 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ റായിഡു – ജഡേജ കൂട്ടുകെട്ട് നേടിയത്. ഇതില്‍ ജഡേജ 22 പന്തില്‍ 22 റണ്‍സ് നേടി പുറത്താകാതെ നിന്നു.