'നിങ്ങൾ പുതിയ ആളല്ല, എന്നാലും...'; ബെൻ സ്റ്റോക്‌സിനോട് ധോണി
55-ാം നമ്പർ ജഴ്‌സിയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർക്ക് നൽകിയത്
വയസ്സ് നാൽപ്പത്തിയൊന്നായെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നെടുന്തൂണാണ് മഹേന്ദ്രസിങ് ധോണി. കഴിഞ്ഞ ദിവസം പുതിയ താരങ്ങളെ വരവേൽക്കുന്ന ചടങ്ങിലും ധോണി തന്നെയായിരുന്നു താരം. 16.25 കോടി രൂപയ്ക്ക് വാങ്ങിയ ബെൻ സ്റ്റോക്‌സിന് അടക്കമുള്ള താരങ്ങൾക്ക് ജഴ്‌സി കൈമാറുന്ന ചടങ്ങിൽ ധോണി നടത്തിയ പരാമർശങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
'എല്ലാ പുതിയ താരങ്ങളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ബെൻ, നിങ്ങൾ എനിക്ക് പുതിയ ആളല്ല. എന്നാൽ ചെന്നൈയ്ക്ക് നിങ്ങൾ പുതുതാണ്. അതുകൊണ്ട് ദയവായി സ്റ്റേജിലേക്ക് വരൂ' എന്നു പറഞ്ഞാണ് ധോണി സ്‌റ്റോക്‌സിനെ വിളിച്ചത്. 55-ാം നമ്പർ ജഴ്‌സിയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർക്ക് നൽകിയത്.
ഈ ഐപിഎൽ ലേലത്തിൽ 20.45 കോടി രൂപ മുടക്കി ഏഴ് താരങ്ങളെയാണ് ചെന്നൈ തങ്ങളുടെ നിരയിലെത്തിച്ചത്. അജിങ്ക്യ രഹാനെ (50 ലക്ഷം), ബെൻ സ്റ്റോക്‌സ് (16.25 കോടി), നിഷാന്ത് സിന്ധു (60 ലക്ഷം), ശൈഖ് റഷീദ് (20 ലക്ഷം), കൈൽ ജാമിസൺ (ഒരു കോടി), അജയ് മണ്ഡൽ (20 ലക്ഷം), ഭഗവത് വർമ (20 ലക്ഷം) എന്നിവരാണ് താരങ്ങൾ.