ബാക്കി ഐ.പി.എൽ മത്സരങ്ങൾ യു.എ.ഇയിൽ തന്നെ; ഔദ്യോഗിക പ്രഖ്യാപനവുമായി ബി.സി.സി.ഐ
സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ആണ് ഐപിഎൽ പുനരാരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവുമായി ബി.സി.സി.ഐ. ബി.സി.സി.ഐയുടെ പ്രത്യേക യോഗത്തിന് ശേഷമാണ് ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾക്ക് യു.എ.ഇ വേദിയാകുമെന്ന അറിയിപ്പ് ഉണ്ടാകുന്നത്. നേരത്തെ തന്നെ യു.എ.ഇയിലാവും ഐപിഎൽ പുനരാരംഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ബിസിസിഐ ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്.
സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ആണ് ഐപിഎൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മോശം കാലാവസ്ഥയും കോവിഡ് സാഹചര്യവും പരിഗണിച്ച് ബയോ ബബിൾ സംവിധാനത്തിൽ രാജ്യത്ത് കളി നടത്തുക അസാധ്യമായതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് ബി.സി.സി.ഐ അറിയിച്ചു.
നാളെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ഐസിസി മീറ്റിംഗ് നടക്കാനിരിക്കവെയാണ് ബി.സി.സി.ഐയുടെ പ്രത്യേക യോഗം ഇന്ന് വിളിച്ച് ചേർത്തത്. നാളെ നടക്കാനിരിക്കുന്ന ഐ.സി.സി.യുടെ യോഗത്തിൽ ടി20 ലോകകപ്പും യു.എ.ഇയിലേക്ക് മാറ്റാനുള്ള സാധ്യത ഏറെയാണ്.