എബിഡിയും ഗെയിലുമില്ല; ഐപിഎല്ലിൽ യുഗാന്ത്യം
ബെൻ സ്റ്റോക്‌സ്, ജോഫ്ര ആർച്ചർ, മിച്ചൽ സ്റ്റാർക്ക്, സാം കറൺ, ക്രിസ് വോക്‌സ് തുടങ്ങിയവരും ഇത്തവണ ലേലപ്പട്ടികയിലില്ല
കളത്തിൽ വെടിക്കെട്ടിന്റെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തിയ രണ്ട് ഇതിഹാസങ്ങൾ ഇത്തണ ഇന്ത്യൻ പ്രീമിയർ ലീഗിനില്ല. ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സും വിൻഡീസിന്റെ ക്രിസ് ഗെയിലുമാണ് കുട്ടിക്കളിപ്പൂരത്തിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നത്.
14 വർഷത്തെ ഐപിഎൽ കരിയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകൾക്കു വേണ്ടി ഗെയിൽ കളത്തിലിറങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സൽ ബോസ് എന്നാണ് ആരാധകർ വിൻഡീസ് താരത്തെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഡിവില്ലിയേഴ്‌സ് ബാംഗ്ലൂർ താരമായിരുന്നു. ഡൽഹി കാപിറ്റൽസിനു വേണ്ടിയും രാജസ്ഥാൻ റോയൽസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഐപിഎൽ 2021 സീസണിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിമരിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
142 മത്സരങ്ങളിൽ നിന്ന് 4965 റൺസാണ് ഗെയിൽ അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതിൽ ആറു സെഞ്ച്വറിയുണ്ട്. പണംവാരി ലീഗിൽ ഏറ്റവും കൂടുതൽ സിക്‌സറടിച്ചതും (357) ഗെയിലാണ്. ടൂർണമെന്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറും ഗെയിലിന്റെ പേരിൽത്തന്നെ. 2013ൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് പൂനെ വാരിയേഴ്‌സിനെതിരെ നേടിയ 175 റൺസ്.
2011ൽ അഞ്ചു കോടി മുടക്കിയാണ് ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിലെത്തിയത്. ഇതിനു ശേഷം ടീം താരത്തെ കൈവിട്ടിട്ടില്ല. 175 മത്സരങ്ങളിൽനിന്ന് 41.08 ശരാശരിയിൽ 5053 റൺസ് നേടിയിട്ടുണ്ട്.
ഇവർക്ക് പുറമേ, ഇംഗ്ലിഷ് താരങ്ങളായ ബെൻ സ്റ്റോക്‌സ്, ജോഫ്ര ആർച്ചർ, മിച്ചൽ സ്റ്റാർക്ക്, സാം കറൺ, ക്രിസ് വോക്‌സ് തുടങ്ങിയവരും ഇത്തവണ ലേലപ്പട്ടികയിലില്ല. ആകെ 1214 കളിക്കാരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫെബ്രുവരി 12, 13 തിയ്യതികളിൽ ബംഗളൂരുവിലാണ് ലേലം.