ഐ.പി.എല്ലിൽ ഇന്ന് ബാംഗ്ലൂര്‍-കൊൽക്കത്ത പോരാട്ടം
ബാംഗ്ലൂരിന്‍റെ നായകസ്ഥാനത്തുനിന്നു പിന്മാറുമെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യ മത്സരത്തിനിറങ്ങുകയാണ് വിരാട് കോലി
ഐ.പി.എല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. അബൂദബിയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പോയിന്‍റ് പട്ടികയില്‍ ബാംഗ്ലൂര്‍ മൂന്നാമതും കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ്.
ബാംഗ്ലൂരിന്‍റെ നായകസ്ഥാനത്തുനിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യ മത്സരത്തിനിറങ്ങുകയാണ് വിരാട് കോലി. ആദ്യഘട്ട മത്സരങ്ങളിൽ കോലിയും കൂട്ടരും മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ച് വിജയങ്ങൾ അക്കൗണ്ടിലുള്ള ബാംഗ്ലൂരിന് വലിയ സമ്മർദമില്ലാതെ മത്സരത്തിനിറങ്ങാം. ഓസീസ് താരങ്ങളുടെ പിന്മാറ്റം ടീമിനെ ബാധിച്ചിട്ടുണ്ടെങ്കിലും ഒത്ത പകരക്കാരെ കണ്ടെത്തി ഇതിന് പരിഹാരം കണ്ടെത്തിയ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ. കോലിയും മാക്സ്‍വെല്ലും എ.ബി ഡിവില്ലിയേഴ്സും തിളങ്ങിയാൽ ബാംഗ്ലൂരിന് തിരിഞ്ഞുനോക്കേണ്ടിവരില്ല. മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലുമാകും ബൗളിംഗ് നിരയുടെ കുന്തമുനകള്‍.
പുതിയ തുടക്കമാണ് കൊൽക്കത്ത പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള ഏഴ് മത്സരങ്ങളിൽ രണ്ട് വിജയം മാത്രമാണ് കൊൽക്കത്തയുടെ അക്കൗണ്ടിലുള്ളത്. നിതീഷ് റാണെ, രാഹുൽ തൃപാഠി, ശുഭ്മൻ ഗിൽ എന്നിവരടങ്ങുന്ന യുവനിരയിലാണ് ക്യാപ്റ്റൻ ഒായിന്‍ മോർഗൻ പ്രതീക്ഷവയ്ക്കുന്നത്. പേസ് നിരയിലേക്ക് ടിം സൗത്തി എത്തുന്നത് കൊൽക്കത്തയ്ക്ക് ഗുണകരമാകും. കമലേഷ് നാഗർകോട്ടിയും പ്രസിദ്ധ് കൃഷ്ണയും ബൗളിംഗ് നിരയിലുണ്ടാകും. സുനിൽ നരൈൻ-വരുൺ ചക്രവർത്തി സഖ്യത്തിനാകും സ്പിൻ നിരയുടെ ചുമതല.