വില്ലൻ മഴ; ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റിയതിന് വിചിത്ര ന്യായവുമായി ബി.സി.സി.ഐ

കോവിഡ്​ വ്യാപനം കൊണ്ടാണ്​ ഐ.പി.എൽ മാറ്റിയതെന്ന്​ ഔദ്യോഗികമായി അറിയിക്കാത്ത്​ രാഷ്​ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് പലകോണിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

Update: 2021-05-30 06:03 GMT
Advertising

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എൽ യു.എ.ഇ യിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ മഴ വില്ലൻ. സെപ്​തംബറിൽ ഇന്ത്യയിൽ മഴക്കാലമായതിനാലാണ്​ ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റുന്നതെന്നാണ് ബി.സി.സി.ഐ ​സെക്രട്ടറി ജെയ്​ഷാ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നത്.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ പറ്റിയോ നിർത്തിവെക്കാൻ ഉണ്ടായ സാഹചര്യത്തെപറ്റിയോ ഒരു വാക്ക് പോലും പ്രസ്താവനയിൽ ഇല്ല. കോവിഡ്​ എന്നൊരു വാക്ക്​ പോലും പ്രസ്​താവനയിൽ ഉൾപെടുത്താതിരിക്കാനും ബി.സി.സി.ഐ ​ശ്രദ്ധിച്ചിട്ടുണ്ട്​. ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായതിനെ തുടർന്ന്​ പല വിദേശ താരങ്ങളും പിൻവാങ്ങുകയും കളിക്കാർക്ക് കോവിഡ് പിടിപെടുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.പി.എൽ പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്നത്​. ഇന്ത്യയിലെ ബയോബബിൾ സംവിധാനം മോശമാണെന്ന് താരങ്ങളിൽ പലരും തുറന്നടിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഐ.പി.എൽ യു.എ.ഇയിലേക്ക് മറ്റുന്നതിന് വിചിത്രമായ ന്യായമാണ് ഇപ്പോൾ ബി.സി.സി.ഐ നിരത്തുന്നത്. കോവിഡ്​ വ്യാപനം കൊണ്ടാണ്​ ഐ.പി.എൽ മാറ്റുന്നതെന്ന്​ ഔദ്യോഗികമായി അറിയിക്കാത്ത്​ രാഷ്​ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് പലകോണിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ കൂടിയാണ് ബി.സി.സി.ഐ ​സെക്രട്ടറി ജെയ്​ഷാ എന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ആര്​ പിൻമാറിയാലും ടൂർണമെൻറ്​ തുടരുമെന്ന്​ ആദ്യം നിലപാട് പ്രഖ്യാപിച്ചിരുന്ന ബി.സി.സി.ഐ പിന്നീട്​ തീരുമാനം മാറ്റുകയായിരുന്നു. സെപ്​തംബറിൽ മത്സരങ്ങൾ ഇന്ത്യയിൽ പുനരാരംഭിച്ചാലും കോവിഡ് സാഹചര്യവും ദുർബലമായ ബയോബബിൾ സംവിധാനവും മൂലം വിദേശ താരങ്ങൾ എത്താൻ സാധ്യത കുറവാണ്. ഇക്കാരണം മൂലമാണ്​ ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റിയതെന്നാണ് വസ്തുത. ഇതിനെ മറച്ചുപിടിച്ചാണ് കാലവർഷം മൂലമാണ് മത്സരങ്ങൾ യു.എ.ഇ യിലേക്ക് മറ്റുന്നതെന്ന വിചിത്ര വാദം ബി.സി.സി.ഐ ഉന്നയിക്കുന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Similar News