കണ്ണുപൂട്ടി തുറക്കും മുമ്പേ കോഹ്ലി ഔട്ട്; ഇത് പറക്കും സഞ്ജു
ക്ഷണനേരം കൊണ്ട് 12 മീറ്റർ ഓടിയാണ് അക്രോബാറ്റിങ് ത്രോയിലൂടെ സഞ്ജു പന്ത് ചഹലിന്റെ കൈകളിലെത്തിച്ചത്.
മുംബൈ: രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിൽ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയിലേക്കായിരുന്നു. കുറച്ചുകാലമായി നിശ്ശബ്ദമായ കോഹ്ലിയുടെ ബാറ്റിൽനിന്ന് ഒരു വമ്പൻ ഇന്നിങ്‌സ് പ്രതീക്ഷിച്ച ആരാധകർക്ക് പക്ഷേ, നിരാശയായിരുന്നു ഫലം. ആത്മവിശ്വാസത്തോടെ ബാറ്റിങ് ആരംഭിച്ച കോഹ്ലിയെ പവലിയനിലേക്ക് മടക്കി അയച്ചത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ മിന്നല്‍ ഫീല്‍ഡിങ്ങും.
വിക്കറ്റിന് പിന്നിൽ നിന്ന് ഓടി വന്ന് സഞ്ജു ക്ഷണനേരം കൊണ്ട് എറിഞ്ഞു കൊടുത്ത പന്തിലാണ് ചഹൽ കോലിയെ പുറത്താക്കിയത്. ഒമ്പതാം ഓവറിലാണ് സംഭവം. ചഹൽ എറിഞ്ഞ പന്ത് സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ഡേവിഡ് വില്ലി ലെഗ്ഗിലേക്ക് തട്ടിയിട്ടു. കോലി ഓടിയെങ്കിലും വില്ലി അനങ്ങിയില്ല. തിരിച്ചോടിയെങ്കിലും സഞ്ജുവിന്റെ തകർപ്പൻ ത്രോയിൽ കോലി പുറത്തുപോകുകയായിരുന്നു. ക്ഷണനേരം കൊണ്ട് 12 മീറ്റർ ഓടിയാണ് അക്രോബാറ്റിങ് ത്രോയിലൂടെ സഞ്ജു പന്ത് ചഹലിന്റെ കൈകളിലെത്തിച്ചത്.
കളിയിൽ ദിനേഷ് കാർത്തിക്കിന്റെയും (44 നോട്ടൗട്ട്), ഷഹബാസ് അഹ്‌മദിന്റെയും (45) മികവിൽ ബംഗളൂരു റോയൽസിനെ വീഴ്ത്തി. 169 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെയാണ് ബംഗളൂരു മറികടന്നത്.
ഹസരങ്കയ്ക്ക് മുമ്പിൽ വീണ്ടും വീണു
ക്ലീൻ ഹിറ്റാണ് സഞ്ജു വി സാംസണിന്റെ ബാറ്റിങ് ഹൈലൈറ്റ്. കൈയിൽ കരുത്തു മുഴുവൻ ആവാഹിച്ച് തൊടുക്കുന്ന ഹിറ്റുകൾ ഗ്യാലറിയെ ചുംബിക്കുന്നതത് എത്ര തവണ കണ്ടിരിക്കുന്നു ആരാധകർ. ഐപിഎല്ലിലെ മിക്ക ബൗളർമാരും, വിശേഷിച്ചും സ്പിന്നർമാർ സഞ്ജുവിന്റെ അടി വാങ്ങിയവരാണ്.
എന്നാൽ ശ്രീലങ്കൻ സ്പന്നർ വാനിന്ദു ഹസരംഗയുടെ മുമ്പിലെത്തുമ്പോൾ സഞ്ജു മറ്റൊരാളാണ്. സ്പിൻ ചെയ്തു വരുന്ന പന്തുകൾ നന്നായി കളിക്കാൻ താരത്തിനാകാറില്ല. ഇന്നലെ റോയൽ ചലഞ്ചേഴ്‌സിനെ നേരിട്ടപ്പോഴും അതു സംഭവിച്ചു. ഹസരംഗയുടെ പന്തിന്റെ ഫ്‌ളൈറ്റ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട സഞ്ജു ബൗളർക്ക് റിട്ടേണ്‍ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. എട്ടു പന്തിൽനിന്ന് എട്ടു റൺസായിരുന്നു നായകന്റെ സമ്പാദ്യം.
ഐപിഎല്ലിൽ മുഖാമുഖം വന്ന അഞ്ച് ഇന്നിങ്‌സുകളിൽ നാലു തവണയും സഞ്ജു പുറത്തായത് ഹസരംഗയുടെ പന്തിലാണ്. ഹസരംഗയുടെ 15 പന്തുകളാണ് സഞ്ജു ആകെ നേരിട്ടത്. നേടിയത് എട്ടു റൺസ്. 2020 സീസണിൽ ഹസരംഗയുടെ ഒരു പന്ത് മാത്രമാണ് സഞ്ജു നേരിട്ടത്. ആ പന്തിൽ തന്നെ താരം പുറത്തായി. 2021 സീസണിൽ ഹസരംഗയുടെ 10 പന്തുകളാണ് സഞ്ജു നേരിട്ടത്. രണ്ടു തവണ പുറത്താകുകയും ചെയ്തു. ശേഷിച്ച എട്ടു പന്തുകളും ഡോട്ട് ബോളുകളുമായിരുന്നു. ഇത്തവണ ഹസരംഗയുടെ നാലു പന്തുകളാണ് സഞ്ജു നേരിട്ടത്. ഇത്തവണ പക്ഷേ ഹസരംഗയെ ഒരു തവണ സിക്സറിന് പറത്താൻ സഞ്ജുവിനായി. പിന്നാലെ പുറത്താകുകയും ചെയ്തു.